ഹോർമുസ് കടലിടുക്ക്: ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനനാഡിയായ ഹോർമുസ് കടലിടുക്കിൽ യുദ്ധസാഹചര്യം വീണ്ടും അതീവ ഗുരുതരമായി തുടരുന്നു. രാജ്യാന്തര വിപണികളെയും സമാധാന ചർച്ചകളെയും അട്ടിമറിച്ചുകൊണ്ട്, ഇറാന്റെ നാല് അറ്റാക്ക് ഡ്രോണുകൾ യുഎസ് സൈന്യം വെടിവെച്ചിട്ടു. ഇതിനു പിന്നാലെ തെക്കൻ ഇറാനിലെ തന്ത്രപ്രധാന സൈനിക താവളത്തിന് നേരെ അമേരിക്ക ശക്തമായ വ്യോമാക്രമണവും നടത്തി. കഴിഞ്ഞ ഫെബ്രുവരി 28-ന് ആരംഭിച്ച് മൂന്ന് മാസമായി തുടരുന്ന യുഎസ്-ഇറാൻ സംഘർഷത്തിൽ, ഏപ്രിൽ ആദ്യം പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തൽ നിലനിൽക്കെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.
ഈ പുതിയ സൈനിക നീക്കത്തോടെ രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില രണ്ട് ശതമാനത്തിലധികം വർധിച്ച് ബാരലിന് 96 ഡോളറിലേക്ക് ഉയർന്നു. അന്താരാഷ്ട്ര കപ്പൽ ചാലുകൾക്കും അമേരിക്കൻ സൈന്യത്തിനും ഭീഷണിയായ ഇറാനിന്റെ നാല് വൺ-വേ അറ്റാക്ക് ഡ്രോണുകളാണ് യുഎസ് ഡിഫൻസ് സിസ്റ്റം തകർത്തത്. ഇതിനു പുറമെ, മറ്റൊരു ഡ്രോൺ വിക്ഷേപിക്കാൻ തയ്യാറെടുക്കുകയായിരുന്ന ഇറാനിലെ ബന്ദർ അബ്ബാസിലുള്ള ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനും യുഎസ് യുദ്ധവിമാനങ്ങൾ തകർത്തു. ബന്ദർ അബ്ബാസിന് കിഴക്ക് ഭാഗത്ത് ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമായതായും ഇറാനിലെ പ്രാദേശിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു.
നിലവിലുള്ള വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണ് അമേരിക്ക നടത്തുന്നതെന്ന് ഇറാൻ ആരോപിക്കുമ്പോൾ, സൈന്യത്തെയും വാണിജ്യ കപ്പലുകളെയും സംരക്ഷിക്കാനുള്ള പ്രതിരോധ നടപടി മാത്രമാണിതെന്നാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വിശദീകരണം. ആഗോളതലത്തിൽ വിതരണം ചെയ്യപ്പെടുന്ന ക്രൂഡ് ഓയിലിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. ഇന്ത്യയിലേക്ക് എത്തുന്ന ഭൂരിഭാഗം എണ്ണക്കപ്പലുകളുടെയും പ്രധാന റൂട്ടാണിത് എന്നതിനാൽ, ഈ മേഖലയിലുണ്ടാകുന്ന ചെറിയൊരു അസ്ഥിരത പോലും ഇന്ത്യൻ വിപണിയിലും വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.