തിരുവനന്തപുരം: വാണിജ്യ എൽപിജി വില വർധനവിനെ തുടർന്ന് സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണ വില കുത്തനെ കൂട്ടി. ഇതോടെ ഹോട്ടൽ, കാറ്ററിങ്, ഹോസ്റ്റൽ മേഖലകൾ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. വിലക്കയറ്റം സാധാരണക്കാരുടെ ദൈനംദിന ബജറ്റിന്റെ താളം തെറ്റിച്ചു. ചായയ്ക്കും ഊണിനും മറ്റ് നോൺ-വെജ് വിഭവങ്ങൾക്കും വില കൂടും.
ഹോട്ടലുകളിലെ അടിസ്ഥാന വിഭവങ്ങളായ ചായയ്ക്കും ഊണിനും വലിയ രീതിയിലുള്ള മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്ലാസ് ചായയ്ക്ക് 4 രൂപ വരെയാണ് വർധിപ്പിച്ചത്. 12 രൂപയായിരുന്ന ചായയ്ക്ക് ഇനി 16 രൂപ നൽകണം. ഊണിന് 30 രൂപ വരെയാണ് ഒറ്റയടിക്ക് കൂട്ടിയത്. 90 രൂപയായിരുന്ന ഊണിന് ഇനി മുതൽ 120 രൂപയാകും. നോൺ-വെജ് വിഭവങ്ങളുടെ വിലയിലും കാര്യമായ വർധനവുണ്ടാകും. അടുത്തിടെ വില കൂട്ടിയതിനാൽ പൊറോട്ടയുടെ വിലയിൽ തൽക്കാലം മാറ്റമുണ്ടാകില്ല.
ഭക്ഷണ വിലയ്ക്ക് പുറമെ ഇന്ധന വിലയും വർധിപ്പിക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ ഒരുങ്ങുകയാണ്. ഇതിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതായാണ് സൂചന. പെട്രോൾ, ഡീസൽ ലിറ്ററിന് അഞ്ച് രൂപ വരെ വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് 50 രൂപ വരെ കൂട്ടിയേക്കും. രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തിക ആഘാതം നിയന്ത്രിക്കുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസിലെയും ധനകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ റിസർവ് ബാങ്കുമായി കൂടിയാലോചനകൾ നടത്തി. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അവശ്യവസ്തുക്കൾ അല്ലാത്തവയുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നു.