ചെന്നൈ: സീറ്റ് ബെൽറ്റ് ധരിക്കാതെ കാറോടിക്കുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ്യുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. കർണാടകയിൽ വെച്ച് ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഈ നിയമലംഘനം പൊതുസമൂഹത്തിൽ വലിയ വിമർശനങ്ങൾക്ക് കാരണമായതോടെ, വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാനുള്ള തിരക്കിട്ട ശ്രമത്തിലാണ് പാർട്ടി പ്രവർത്തകരും അനുകൂലികളും.
കഴിഞ്ഞയാഴ്ച കർണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം. വിജയ് തന്നെയായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഈ സമയം കാറിലുണ്ടായിരുന്നവർ ചിത്രീകരിച്ച ദൃശ്യങ്ങൾ ആരാധകർ തന്നെയാണ് ‘സ്റ്റൈലിഷ് ഡ്രൈവിംഗ്’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. എന്നാൽ, വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാത്തതും കാറിനുള്ളിൽ പ്ലാസ്റ്റിക് ടംബ്ലർ ഉപയോഗിച്ചതും പരിസ്ഥിതി സൗഹൃദ നിലപാടുകൾക്ക് വിരുദ്ധമാണെന്ന രീതിയിൽ വലിയ വിമർശനങ്ങൾക്ക് കാരണമായി.
വീഡിയോ വ്യാപകമായതോടെ പാർട്ടി അണികൾ ആരും തന്നെ ഇത് പങ്കുവെക്കരുതെന്ന് നേതൃത്വം കർശന നിർദേശം നൽകിയതായാണ് വിവരം. ഇതിനുപുറമെ, ഒരു സ്വകാര്യ ഏജൻസി വഴി പകർപ്പവകാശം ഉന്നയിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് പരാതി നൽകി, വീഡിയോ പോസ്റ്റ് ചെയ്ത പ്രതിപക്ഷ കക്ഷികളുടെയും വിമർശകരുടെയും അക്കൗണ്ടുകൾ പൂട്ടിക്കാൻ നീക്കങ്ങൾ നടക്കുന്നതായും ആരോപണമുയരുന്നുണ്ട്. മുഖ്യമന്ത്രി പദവി ലക്ഷ്യമിടുന്ന ഒരാൾ പരസ്യമായി നിയമലംഘനം നടത്തിയത് ചോദ്യം ചെയ്യുന്നവരെ ഭയക്കുന്നത് എന്തിനാണെന്ന് പ്രതിപക്ഷ പാർട്ടികൾ ചോദിക്കുന്നു. വീഡിയോ പകർത്തിയതിലും അത് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിലും ദുരൂഹതയുണ്ടെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.