തിരുവനന്തപുരം: പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വിപുലമായ ഒരുക്കങ്ങൾ നടക്കുന്നു. ചടങ്ങ് കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വർധനവ് പ്രതീക്ഷിക്കുന്നതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. പന്തൽ നിർമ്മാണവും സ്റ്റേജ് ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്.
ആദ്യഘട്ടത്തിൽ 12,000 പേർക്കായിരുന്ന സൗകര്യങ്ങൾ നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രവർത്തകരുടെ ആവേശം കണക്കിലെടുത്ത് 50,000 പേരെ ഉൾക്കൊള്ളുന്ന പന്തലാണ് ഇപ്പോൾ തയ്യാറാക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പന്തളിനുള്ളിൽ പ്രവേശിക്കാൻ കഴിയാത്തവർക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ എൽഇഡി സ്ക്രീനുകൾ സ്ഥാപിക്കും. തമിഴ്നാട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വരാനുണ്ട്. സിറ്റി പോലീസ് കമ്മീഷണർ കാർത്തിക് അറിയിച്ചതനുസരിച്ച് നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സത്യപ്രതിജ്ഞയ്ക്ക് എത്തുന്നവർക്കും മന്ത്രിമാരുടെ വാഹനങ്ങൾക്കുമായി പ്രത്യേക പാർക്കിംഗ് മേഖലകൾ ഉണ്ടാക്കിയിട്ടുണ്ട്. തീരദേശ മേഖലകളിലടക്കം നഗരത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ചടങ്ങ് തടസ്സമില്ലാതെ നടക്കുന്നു എന്ന് ഉറപ്പാക്കാൻ പ്രത്യേക കൺട്രോൾ റൂം തുറന്നു. ചടങ്ങ് സുഗമമാക്കാൻ പൊതുജനങ്ങളുടെ സഹകരണം പോലീസ് അഭ്യർത്ഥിച്ചു.