തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുതുക്കി. നേരത്തെ അഞ്ച് ജില്ലകളില്‍ മാത്രമായിരുന്ന മഴ മുന്നറിയിപ്പ് നിലവില്‍ ഒന്‍പത് ജില്ലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. തെക്കന്‍ കേരളം മുതല്‍ വടക്കന്‍ മേഖലകള്‍ വരെ വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോടും കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് നിലവില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും മലയോര മേഖലയിലുള്ളവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. വരും ദിവസങ്ങളിലെ മഴയുടെ തീവ്രത കണക്കിലെടുത്ത് വിവിധ ദിവസങ്ങളില്‍ വ്യത്യസ്ത ജില്ലകളില്‍ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ടിരിക്കുന്ന സങ്കീര്‍ണ്ണമായ അന്തരീക്ഷ വ്യതിയാനങ്ങളാണ് നിലവിലെ കനത്ത മഴയ്ക്ക് കാരണം. തെക്കുകിഴക്കന്‍ അറബിക്കടലിലും മധ്യ-കിഴക്കന്‍ അറബിക്കടലിലുമായി നിലനില്‍ക്കുന്ന രണ്ട് ചക്രവാതച്ചുഴികളും, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലുള്ള മറ്റൊരു ചക്രവാതച്ചുഴിയും മഴയുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. ഇതിനു പുറമെ കേരളത്തിനും തമിഴ്നാടിനും മുകളിലൂടെ കന്യാകുമാരി വരെ നീളുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെ സാന്നിധ്യവും അന്തരീക്ഷത്തെ അസ്ഥിരമാക്കുന്നു. ഈ നാല് ഘടകങ്ങള്‍ ഒരേസമയം സ്വാധീനിക്കുന്നതിനാലാണ് സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ തുടരുന്നത്.