ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. പന്ത്രണ്ട് ദിവസത്തെ അനിശ്ചിതത്വങ്ങൾക്കും ആകാംക്ഷകൾക്കും വിരാമമിട്ടാണ് ഈ തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി രാഹുൽ ഗാന്ധി നടത്തിയ അന്തിമ ചർച്ചയിലാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ ചേർന്നാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇതോടെ വി.ഡി. സതീശൻ കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി ചുമതലയേൽക്കും.
അവസാന നിമിഷം വരെ കെ.സി. വേണുഗോപാലിന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ ഇടപെടലിനെ തുടർന്ന് അദ്ദേഹം പിന്മാറുകയായിരുന്നു. പ്രഖ്യാപനത്തിന് മുന്നോടിയായി രാഹുൽ ഗാന്ധി കെ.സി. വേണുഗോപാലുമായി ചർച്ച നടത്തിയിരുന്നു. കേരളത്തിലെ ശക്തമായ ജനവികാരം വി.ഡി. സതീശന് അനുകൂലമായി മാറി. ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണയും യുഡിഎഫ് ഘടകകക്ഷികളുടെ പിന്തുണയും മുതിർന്ന നേതാക്കളുടെ സമ്മതവും സതീശന് തുണയായി.
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ ഹൈക്കമാൻഡിനെ പ്രേരിപ്പിച്ചത് കേരളത്തിലെ ശക്തമായ ജനവികാരമാണ്. കേരളത്തിൽ കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തിക്കാൻ മുന്നിൽ നിന്ന് നയിച്ച സതീശൻ തന്നെ സർക്കാരിനെയും നയിക്കട്ടെ എന്ന തീരുമാനത്തിൽ പാർട്ടി പ്രവർത്തകർക്കും വലിയ ആവേശമുണ്ട്.