കോഴിക്കോട്: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിലുള്ള ആഹ്ലാദപ്രകടനത്തിനിടെ ഹിന്ദു വിരുദ്ധ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ ഇടുക്കി ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആണ് ഇക്കാര്യം അറിയിച്ചത്. പാർട്ടിയുടെ അച്ചടക്കത്തിനും അന്തസ്സിനും നിരക്കാത്ത രീതിയിൽ പ്രകോപനപരമായി മുദ്രാവാക്യം മുഴക്കിയതിനും പ്രകടനം നടത്തിയതിനുമാണ് നടപടിയെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.
സംഭവം ഇന്നലെയാണ് നടന്നത്. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു യൂത്ത് ലീഗ് പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തി പ്രകടനം നടത്തിയത്. ചില സമുദായ നേതാക്കളുടെ പേരുകൾ പരാമർശിച്ച് അധിക്ഷേപിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളാണ് ഉയർന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മറ്റു ഇസ്ലാമിക സംഘടനകളുടെയും സമ്മർദ്ദഫലമായിട്ടാണ് എന്നുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു യൂത്ത് ലീഗിന്റെ പ്രകടനം.
ലീഗിന്റെ നോമിനിയായ സതീശൻ ഭരിക്കുമ്പോൾ ഇനിയും ഇതേപോലെയുള്ള സംഭവങ്ങൾ ഉണ്ടാകുമെന്ന സംശയം പലരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് യൂത്ത് ലീഗ് നേതൃത്വം അച്ചടക്ക നടപടിയുമായി മുന്നോട്ട് പോയത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്നും യൂത്ത് ലീഗ് അറിയിച്ചു.