തിരുവനന്തപുരം: വനിതാ ക്ഷേമത്തിനും ആരോഗ്യമേഖലയുടെ സമഗ്രമായ നവീകരണത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള പുതിയ നയപ്രഖ്യാപനവുമായി സർക്കാർ മുന്നോട്ട്. ആരോഗ്യരംഗത്ത് ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനൊപ്പം, സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടികൾ സർക്കാർ ഉറപ്പാക്കും. ഇതിന്റെ ഭാഗമായി ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകാനും തീരുമാനമായിട്ടുണ്ട്.
വിദ്യാർത്ഥിനികൾക്കും ഗവേഷകർക്കും ഏറെ ഗുണകരമാകുന്ന തീരുമാനങ്ങളാണ് നയപ്രഖ്യാപനത്തിലുള്ളത്. കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപ്പൻഡ് നൽകുന്നതിനൊപ്പം, പഠനകാലയളവിൽ മൂന്ന് ദിവസത്തെ ആർത്തവ അവധിയും സർക്കാർ അനുവദിച്ചിട്ടുണ്ട്. ഗവേഷക വിദ്യാർത്ഥികൾക്ക് കൂടുതൽ സ്റ്റൈപ്പൻഡ് നൽകാനും സർവകലാശാലകളിൽ ഗവേഷക സിൻഡിക്കേറ്റ് രൂപീകരിക്കാനും തീരുമാനമായി. കൂടാതെ, പ്രതിമാസ പെൻഷൻ 3000 രൂപയായി വർധിപ്പിക്കാനും, സർക്കാർ-സ്വകാര്യ മേഖലകളിൽ ആറു മാസത്തെ പ്രസവാവധി നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
സാമ്പത്തിക സുസ്ഥിരതയും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിട്ട് നിരവധി പ്രഖ്യാപനങ്ങളാണ് നയരേഖയിലുള്ളത്. സപ്ലൈകോ സൂപ്പർമാർക്കറ്റുകളുടെയും മാവേലി സ്റ്റോറുകളുടെയും റേഷൻ കടകളുടെയും എണ്ണം വർധിപ്പിക്കാനും സഹകരണ മേഖലയിലെ തട്ടിപ്പുകൾ തടയാനും കർശന നടപടികൾ സ്വീകരിക്കും. തീർത്ഥാടന ടൂറിസം വിപുലീകരിക്കുന്നതിനും, ലഹരിമുക്ത കേരളത്തിനായി കർശന പദ്ധതികൾ നടപ്പിലാക്കുന്നതിനും സർക്കാർ മുൻഗണന നൽകുന്നു. കൃഷി മേഖലയിൽ നെല്ല്, റബ്ബർ, നാളികേര കർഷകർക്ക് അർഹമായ പരിഗണന നൽകുകയും, ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കുകയും ചെയ്യും. ഐടി വകുപ്പിനെ ഫ്യൂചർ ടെക്നോളജി എന്ന പേരിലേക്ക് മാറ്റുന്നതടക്കമുള്ള ഭരണപരമായ മാറ്റങ്ങളും നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.