ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ച നടപടിയെ സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന്റെയും യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും താൽപ്പര്യങ്ങൾക്കാണ് ബിജെപി ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്നും, ആ തത്വം ഉയർത്തിപ്പിടിച്ചാണ് ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
വിദ്യാർത്ഥികളുടെ വികാരങ്ങളെ കേന്ദ്ര സർക്കാർ പൂർണ്ണമായും മാനിക്കുന്നുവെന്നും, പരീക്ഷാ ചോദ്യപേപ്പർ ചോർച്ച പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമഗ്രമായ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ കൈക്കൊണ്ട നടപടികൾക്ക് അദ്ദേഹം പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ദേശീയ വിദ്യാഭ്യാസ നയം ഫലപ്രദമായി നടപ്പിലാക്കിയതിലും മാതൃഭാഷകളിൽ പരീക്ഷകൾ വ്യാപിപ്പിക്കുക, പിഎം ശ്രീ സ്കൂളുകളുടെ വികസനം, ഡിജിറ്റൽ വിദ്യാഭ്യാസം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയതിനും ധർമ്മേന്ദ്ര പ്രധാനെ അദ്ദേഹം അഭിനന്ദിച്ചു. പരീക്ഷാ സംവിധാനത്തെ കൂടുതൽ വിദ്യാർത്ഥികേന്ദ്രീകൃതമാക്കാൻ ധർമ്മേന്ദ്ര പ്രധാൻ നടത്തിയ ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും, വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തിന്റെ തെളിവാണ് ഈ കാലയളവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.