റിയോ ഡി ജനീറിയോ: വരാനിരിക്കുന്ന ഫിഫ ലോകകപ്പിനായി തയ്യാറെടുക്കുന്ന ബ്രസീൽ ദേശീയ ടീമിന് തിരിച്ചടിയായി സൂപ്പർ താരം നെയ്മറുടെ പരിക്ക്. വലത് കാൽവണ്ണയിലെ പേശിക്ക് പരിക്കേറ്റതിനെ തുടർന്ന് താരം മൂന്നാഴ്ചയോളം വിശ്രമിക്കേണ്ടി വരുമെന്ന് ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ സ്ഥിരീകരിച്ചു. ഇതോടെ ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ മത്സരങ്ങളിൽ നെയ്മറുടെ സാന്നിധ്യം സംബന്ധിച്ച് കടുത്ത അനിശ്ചിതത്വം തുടരുകയാണ്. മെയ് 17-ന് കൊരിറ്റിബയ്ക്കെതിരെയുള്ള ലീഗ് മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.
ബ്രസീലിന്റെ പരിശീലന കേന്ദ്രമായ ഗ്രാൻജ കൊമാരിയിൽ റിപ്പോർട്ട് ചെയ്ത നെയ്മറെ വിശദമായ മെഡിക്കൽ പരിശോധനയ്ക്കും എംആർഐ സ്കാനിംഗിനും വിധേയനാക്കിയിരുന്നു. ഇതിൽ ഗ്രേഡ് 2 മസിൽ സ്ട്രെയിൻ ഉള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് ചികിത്സ ആരംഭിച്ചത്. രണ്ടുമുതൽ മൂന്നാഴ്ചയ്ക്കുള്ളിൽ താരം പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മെഡിക്കൽ സംഘം അറിയിച്ചു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ നടക്കുന്ന പനാമ, ഈജിപ്ത് എന്നിവർക്കെതിരായ സൗഹൃദ മത്സരങ്ങൾ നെയ്മറിന് നഷ്ടമാകും.
ജൂൺ 13-ന് മൊറോക്കോയ്ക്കെതിരെയാണ് ലോകകപ്പിൽ ബ്രസീലിന്റെ ആദ്യ മത്സരം. ഈ മത്സരത്തിൽ നെയ്മർ കളിക്കാനിടയില്ലെന്നാണ് സൂചന. ടീമിലെ മറ്റ് മത്സരങ്ങൾ ജൂൺ 20-നും 24-നും നടക്കാനിരിക്കെ, താരത്തിന്റെ ആരോഗ്യസ്ഥിതി കൃത്യമായി നിരീക്ഷിച്ചുവരികയാണ് ടീം മാനേജ്മെന്റ്. ലോകകപ്പിലെ ആദ്യ മത്സരത്തിന് ഒരു ദിവസം മുൻപ് വരെ പരിക്കേറ്റ കളിക്കാരന് പകരം പുതിയ താരത്തെ ഉൾപ്പെടുത്താൻ ഫിഫ നിയമം അനുവദിക്കുന്നുണ്ട്. എങ്കിലും, നെയ്മറുടെ തിരിച്ചുവരവ് ലക്ഷ്യമിട്ടുള്ള ബ്രസീൽ ടീമിന്റെ തീരുമാനങ്ങൾ വരും ദിവസങ്ങളിലെ ആരോഗ്യ പുരോഗതിയെ ആശ്രയിച്ചിരിക്കും.