ന്യൂഡൽഹി: ലോകം നേരിടുന്ന ലഹരിമരുന്ന് വിപത്തിനെതിരെ അടുത്ത പത്ത് വർഷത്തിനുള്ളിൽ ഏകീകൃതമായ പ്രതിരോധം തീർക്കാനായില്ലെങ്കിൽ തിരിച്ചുവരാനാകാത്ത വിധം ആഗോള സമൂഹം തകരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് സംഘടിപ്പിച്ച 2026-ലെ ആർ.എൻ. കാവോ മെമ്മോറിയൽ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കടത്തിനെതിരായ നീക്കം ഭീകരവാദ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ലഹരിക്കടത്ത് സംഘങ്ങൾ രാജ്യങ്ങൾക്കിടയിലുള്ള നിയമങ്ങളിലെ പൊരുത്തക്കേടുകൾ മുതലെടുക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. വിദേശ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ സാന്നിധ്യത്തിൽ നാല് പ്രധാന നിർദ്ദേശങ്ങൾ അദ്ദേഹം മുന്നോട്ട് വെച്ചു. നിരോധിത ലഹരിവസ്തുക്കൾക്ക് ലോകമെമ്പാടും ഒരേപോലെയുള്ള നിർവ്വചനം കൊണ്ടുവരിക, ലഹരിക്കടത്ത് കേസുകളിൽ അന്താരാഷ്ട്ര തലത്തിൽ ഏകീകൃതമായ ശിക്ഷാ നടപടികൾ നടപ്പിലാക്കുക, അന്താരാഷ്ട്ര ലഹരി മാഫിയാ തലവന്മാരെ നിയമത്തിന് മുന്നിലെത്തിക്കാൻ രാജ്യങ്ങൾ തമ്മിലുള്ള കൈമാറ്റ നടപടികൾ വേഗത്തിലാക്കുക, ലോകരാജ്യങ്ങൾക്കിടയിൽ തൽസമയ രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കാൻ സംവിധാനമൊരുക്കുക എന്നിവയാണ് ആ നിർദ്ദേശങ്ങൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ലഹരിമുക്ത ഭാരതം 2047’ എന്ന ലക്ഷ്യത്തിലേക്കുള്ള വ്യക്തമായ രൂപരേഖ ഇന്ത്യൻ ഏജൻസികൾ തയ്യാറാക്കിക്കഴിഞ്ഞതായി അമിത് ഷാ കൂട്ടിച്ചേർത്തു. ഇന്ത്യയെ ഒരു ട്രാൻസിറ്റ് പോയിന്റായി ഉപയോഗിക്കാൻ പോലും ലഹരി സംഘങ്ങളെ അനുവദിക്കില്ലെന്നും ‘സീറോ ടോളറൻസ്’ നയത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 40-ൽ അധികം അന്താരാഷ്ട്ര കുറ്റവാളികളെ ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞത് നയതന്ത്ര വിജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലഹരിപ്പണം ഭീകരവാദ പ്രവർത്തനങ്ങൾക്കും സമാന്തര സമ്പദ്വ്യവസ്ഥകൾക്കും ഇന്ധനമാകുന്നുണ്ടെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി. ചില രാജ്യങ്ങൾ ‘നർക്കോ-സ്റ്റേറ്റുകൾ’ ആയി മാറുന്നത് ആഗോള സുരക്ഷയ്ക്ക് വെല്ലുവിളിയാണ്. ഇത് കേവലം ഒരു ക്രമസമാധാന പ്രശ്നമായി കാണാതെ ലോകം ഒന്നടങ്കം നേരിടേണ്ട നാഗരിക വെല്ലുവിളിയാണെന്നും രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് എല്ലാ രാഷ്ട്രങ്ങളും ഇതിനെതിരെ കൈകോർക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ആർ ആന്ഡ് എ.ഡബ്ല്യു സ്ഥാപക മേധാവി രമേശ്വർ നാഥ് കാവോയുടെ സ്മരണാർത്ഥം സംഘടിപ്പിച്ച ചടങ്ങിൽ നാൽപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും മുൻ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.