അഗർത്തല: രാജ്യത്തിന്റെ അതിർത്തി സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനുള്ള ‘സ്മാർട്ട് ബോർഡർ പ്രോജക്റ്റ്’ അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ത്രിപുരയിലെ ലങ്കാമുറ ബോർഡർ ഔട്ട്പോസ്റ്റിൽ നടന്ന ‘പ്രഹരി സമ്മേളന’ത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഭാഗമായുള്ള പൈലറ്റ് പദ്ധതി അടുത്ത വർഷം ബിഎസ്എഫും എസ്എസ്ബിയും കാവൽ നിൽക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിർത്തി മേഖലകളിൽ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
അത്യാധുനിക സാങ്കേതികവിദ്യ, ജവാന്മാർ, പ്രാദേശിക സിവിൽ ഭരണകൂടം എന്നിവയെ സമന്വയിപ്പിച്ചുകൊണ്ട് ആർക്കും തകർക്കാനാകാത്ത സുരക്ഷാ സംവിധാനമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ത്രിപുര, പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ സുരക്ഷിതമല്ലാത്ത അതിർത്തികൾ വഴിയുള്ള നുഴഞ്ഞുകയറ്റത്തിലൂടെയോ സുരക്ഷാ വീഴ്ചകൾ വഴിയോ യാതൊരുവിധ ജനസംഖ്യാപരമായ മാറ്റങ്ങളും ഉണ്ടാകാൻ സർക്കാർ അനുവദിക്കില്ലെന്ന് അമിത് ഷാ ഉറപ്പിച്ചു പറഞ്ഞു. മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, കന്നുകാലി കടത്ത് തുടങ്ങിയ ഭീഷണികൾ പൂർണ്ണമായും ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന കൂട്ട വൃക്ഷത്തൈ നടീൽ യജ്ഞത്തിൽ പങ്കെടുത്ത അമിത് ഷാ, ഒരു അഗർ മരത്തൈ നട്ടുപിടിപ്പിച്ചു. 2019 മുതൽ സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ് (CAPF) ഉദ്യോഗസ്ഥർ രാജ്യത്തുടനീളം 6.40 കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചതായി അദ്ദേഹം എടുത്തുപറഞ്ഞു. വരും വർഷം മുതൽ ഒരൊറ്റ വർഷത്തിനുള്ളിൽ രണ്ട് കോടിയിലധികം തൈകൾ വെച്ചുപിടിപ്പിക്കാൻ സിഎപിഎഫ് ജവാന്മാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. ഇതിലൂടെ ജവാന്മാർക്ക് ഒരേസമയം രാജ്യത്തെയും പരിസ്ഥിതിയെയും ഒരുപോലെ സംരക്ഷിക്കാൻ സാധിക്കുമെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.