കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി കേസിൽ വീണയ്ക്കെതിരെ കൂടുതൽ നിർണായക തെളിവുകൾ ലഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റിപ്പോർട്ട്. 2017 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഇൻവോയ്സുകൾ ഇല്ലാതെയാണ് സി.എം.ആർ.എല്ലിൽ നിന്ന് വീണ 45 ലക്ഷം രൂപ കൈപ്പറ്റിയതെന്നാണ് അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
വീണയ്ക്ക് പങ്കാളിത്തമുള്ള ലേക്ക് ഇന്ത്യ കോർപ്പറേഷൻ എന്ന കമ്പനിയെ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഈ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 16.5 ലക്ഷം രൂപ ഇ.ഡി. നേരത്തെ മരവിപ്പിച്ചിരുന്നു. സി.എം.ആർ.എല്ലിന്റെ കള്ളപ്പണ വെളുപ്പിക്കൽ രീതികളെക്കുറിച്ചും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. ചരക്ക് നീക്കത്തിനുള്ള ചെലവെന്ന പേരിൽ ട്രാൻസ്പോർട്ടർമാരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയും, പിന്നീട് ആ തുക പിൻവലിച്ച് സി.എം.ആർ.എല്ലിലെ ഉന്നത ഉദ്യോഗസ്ഥർക്ക് തിരികെ നൽകുകയും ചെയ്തിരുന്നുവെന്നാണ് കണ്ടെത്തൽ. ഇതിന് പ്രതിഫലമായി ട്രാൻസ്പോർട്ടർമാർക്ക് ഏഴ് ശതമാനം കമ്മീഷൻ നൽകിയിരുന്നതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ശശീധരൻ കർത്ത “സർക്കുലർ പേയ്മെന്റ്” രീതിയാണ് പിന്തുടർന്നതെന്നും ഇ.ഡി. വ്യക്തമാക്കുന്നു. ഇടപാടുകാർക്ക് ഇൻവോയ്സ് നൽകി ചെലവായി രേഖപ്പെടുത്തുകയും, പിന്നീട് അതേ തുക പണമായി തിരികെ വാങ്ങുകയുമാണ് ചെയ്തിരുന്നത്. കഴിഞ്ഞ 15 വർഷത്തിനിടെ 182 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നതായാണ് ഇ.ഡി. റിപ്പോർട്ടിലുള്ളത്. സ്വന്തം നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങളിലേക്കും ശശീധരൻ കർത്ത പണം വകമാറ്റിയതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. സി.എം.ആർ.എല്ലിൽ നിന്ന് കുടുംബസ്ഥാപനമായ നിപുണയിലേക്ക് പണം കൈമാറിയതിന്റെ രേഖകളും അന്വേഷണ പരിധിയിലുണ്ട്.