ബർലിൻ: ജർമനിയുടെ തലസ്ഥാനമായ ബർലിനിൽ ക്രിസ്റ്റഫർ സ്ട്രീറ്റ് ഡേ (CSD) പരേഡിനിടെ നടന്ന വാഹനാക്രമണം ഇസ്ലാമിസ്റ്റ് ഭീകരാക്രമണമാണെന്ന് ജർമൻ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിന്റ് സ്ഥിരീകരിച്ചു. സംഭവസ്ഥലം സന്ദർശിച്ച ശേഷം ആഭ്യന്തര മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ജൂലൈ 25-ന് പ്രാദേശിക സമയം രാത്രി പത്തു മണിയോടെയാണ് ദാരുണമായ ഈ ഭീകരാക്രമണം ഉണ്ടായത്.
ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 29 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിൽ പലരുടെയും നില ഗുരുതരമാണെന്ന് അധികൃതർ വ്യക്തമാക്കി. ഡെലിവറി വാൻ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയ ശേഷം അബ്ദുൽ ബലൂട്ട് എന്ന ഇരുപത്തിയൊന്നുകാരൻ കൊടുവാൾ ഉപയോഗിച്ച് ആളുകളെ ആക്രമിക്കുകയായിരുന്നു. ആക്രമണം നടന്ന ഉടൻ തന്നെ കമാൻഡോ സംഘം ഇയാളെ വധിച്ചു. 2005-ൽ ജർമനിയിൽ ജനിച്ച ലബനൻ വംശജനായ ഇയാൾ നേരത്തെയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേരാൻ ശ്രമിച്ചതിനും ജർമനിയിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്തതിനും ഇയാൾ നേരത്തെ അന്വേഷണ നിരീക്ഷണത്തിലായിരുന്നു. പ്രതിക്ക് നേരത്തെ ലഭിച്ച തടവുശിക്ഷ സസ്പെൻഡ് ചെയ്ത് പ്രൊബേഷനിൽ വിട്ടതിനെതിരെ ജനറൽ പ്രോസിക്യൂട്ടർ ഓഫീസ് അപ്പീൽ നൽകിയിരുന്നുവെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
ആക്രമണത്തെത്തുടർന്ന് ബർലിൻ നഗരത്തിലെ ഔദ്യോഗിക കെട്ടിടങ്ങളിൽ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ മേയർ കൈ വെഗ്നർ നിർദേശം നൽകി. നഗരത്തിന്റെ സഹിഷ്ണുതയ്ക്കും ജനാധിപത്യ മൂല്യങ്ങൾക്കും നേരെയുള്ള വെല്ലുവിളിയാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചും പരുക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സെന്റ് മേരീസ് പള്ളിയിൽ പ്രത്യേക പ്രാർഥനാ ചടങ്ങുകൾ സംഘടിപ്പിച്ചു. തുടർന്ന് ബ്രാൻഡൻബുർഗ് ഗേറ്റിലേക്ക് അനുസ്മരണ പ്രകടനവും നടന്നു. ആക്രമണത്തിൽ ഇരയായവർക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ നിയമ-സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കുമെന്ന് വിക്ടിംസ് കമ്മീഷണർ റോളണ്ട് വെബർ, നീതിന്യായ മന്ത്രി സ്റ്റെഫാനി ഹ്യൂബിഗ് എന്നിവർ ഉറപ്പുനൽകി.