ചെന്നൈ: സിനിമാ പരിപാടികളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ പൊതുജനക്ഷേമത്തിനായി തങ്ങളുടെ കൂട്ടായ ശക്തി വിനിയോഗിക്കണമെന്ന് ആരാധകരോട് ആഹ്വാനം ചെയ്ത് ധനുഷ്. ആരാധക ക്ലബ്ബുകള്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ സംസാരിക്കവെയാണ് തങ്ങളുടെ ഐക്യം സമൂഹ സേവനത്തിനായി വഴിതിരിച്ചുവിടണമെന്ന് താരം ആവശ്യപ്പെട്ടത്. ഓഡിയോ ലോഞ്ചുകള്‍ക്കും മീറ്റപ്പുകള്‍ക്കും അപ്പുറം ചുറ്റുമുള്ളവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി സാധ്യമായ സഹായങ്ങള്‍ ചെയ്യാന്‍ അദ്ദേഹം ആരാധകരെ ഓര്‍മ്മിപ്പിച്ചു. ധനുഷിന്റെ ഈ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, താരം സജീവ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നുണ്ടോ എന്ന തരത്തിലുള്ള ചര്‍ച്ചകളും അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്.
ഇതേ ചടങ്ങില്‍ തന്റെ ദേശീയ ചലച്ചിത്ര അവാര്‍ഡ് നേട്ടങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കും ധനുഷ് മറുപടി നല്കി. 2024-ല്‍ താന്‍ സംവിധാനം ചെയ്ത ‘രായന്’ എന്ന ചിത്രത്തേക്കാള്‍ മികച്ച സിനിമകള്‍ ആ വര്‍ഷം പുറത്തിറങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പരസ്യമായി സമ്മതിച്ചു. എന്നിരുന്നാലും, ഒരു തമിഴ് നടന് ഒരേ വര്‍ഷം രണ്ട് ദേശീയ അവാര്‍ഡുകള്‍ ലഭിച്ച അപൂര്‍വ്വ നേട്ടത്തെ വ്യക്തിപരമായ വിജയമായി മാത്രം കാണാതെ, തമിഴ് സിനിമയുടെ മൊത്തത്തിലുള്ള നേട്ടമായി കണ്ട് ആഘോഷിക്കാന്‍ അദ്ദേഹം ആരാധകരോട് അഭ്യര്‍ത്ഥിച്ചു.
‘ക്യാപ്റ്റന്‍ മില്ലര്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക പരാമര്‍ശവും, ‘രായന്’ എന്ന ചിത്രത്തിന് മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്കാരവുമാണ് ധനുഷിനെ തേടിയെത്തിയത്. താരത്തിന്റെ ഈ നിലപാടും പ്രസംഗവും സിനിമാ ലോകത്തിനപ്പുറം രാഷ്ട്രീയ കേരളത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ആരാധക കൂട്ടായ്മകളെ ക്രിയാത്മകമായ സാമൂഹിക സേവനങ്ങളിലേക്ക് നയിക്കാനുള്ള താരത്തിന്റെ തീരുമാനം വലിയൊരു മാറ്റത്തിന് തുടക്കമിടുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.