തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 31 വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദത്തിന്റെയും കിഴക്കൻ അറബിക്കടലിന് മുകളിലായുള്ള ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് കേരളത്തിൽ മഴ കനക്കുന്നത്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ച് പശ്ചിമ ബംഗാൾ–ഒഡീഷ തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ജാഗ്രതാനിർദേശം നൽകിയിരിക്കുന്നത്. നാളെയും എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുള്ള സാഹചര്യത്തെയാണ് യെല്ലോ അലർട്ട് സൂചിപ്പിക്കുന്നത്.
ഇന്നും നാളെയും ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും മലയോര മേഖലയിലുള്ളവരും ജാഗ്രത തുടരണമെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കാലാവസ്ഥാ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.