കൊല്ലം: പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് തീവെച്ച് നശിപ്പിച്ച സംഭവത്തിൽ രണ്ട് യുവതികൾ അറസ്റ്റിൽ. ആറന്മുള പോലീസ് സ്റ്റേഷനിലെ സി.പി.ഒ ആയ വിവേകിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് ശനിയാഴ്ച അർദ്ധരാത്രിയോടെ കത്തിനശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി കട്ടപ്പന വെളിനാംകണ്ടം കൽപ്പോത്തി നെല്ലിമൂട്ടിൽ വീട്ടിൽ ഗായത്രി മോഹൻ (26), കൊല്ലം ശൂരനാട് സ്വദേശി ആരതി (24) എന്നിവരെ പോലീസ് പിടികൂടി.
വിവേകും ആരതിയും തമ്മിലുണ്ടായിരുന്ന വ്യക്തിപരമായ പ്രശ്നങ്ങളാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. ഇരുവരും തമ്മിൽ പരിചയത്തിലായിരുന്നുവെന്നും വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് യുവാവ് ഇതിൽ നിന്ന് പിന്മാറിയതാണ് പ്രകോപനത്തിന് കാരണമായതെന്നുമാണ് പ്രതികൾ മൊഴി നൽകിയിട്ടുള്ളത്. തിരുവനന്തപുരത്തെ ഒരു എൻട്രൻസ് കോച്ചിങ് സെന്ററിലെ വിദ്യാർത്ഥികളാണ് ഇരുവരും. തിങ്കളാഴ്ച രാവിലെ സമീപത്തെ ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതേസമയം, പോലീസ് കസ്റ്റഡിയിലായ ആരതി ആത്മഹത്യയ്ക്ക് ശ്രമിച്ചത് കേസിൽ വഴിത്തിരിവായി. വൈദ്യപരിശോധനയ്ക്ക് ശേഷം അഞ്ചലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവതി എലിവിഷം കഴിച്ചത്. ഉടൻ തന്നെ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സ തുടരുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് അധികൃതർ അറിയിച്ചു.