ചെന്നൈ: പൊതുസ്ഥലങ്ങളിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന ബാനറുകൾ, പോസ്റ്ററുകൾ, കട്ടൗട്ടുകൾ എന്നിവ സ്ഥാപിക്കാൻ പാടില്ലെന്ന് പ്രവർത്തകർക്ക് തമിഴക വെട്രി കഴകം നിർദേശം നൽകി. തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം മണിക്കൂറുകൾക്കകമാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്. നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
പൊതുസ്ഥലങ്ങളിൽ ആളുകൾക്ക് അസൗകര്യമുണ്ടാക്കുന്നതോ ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്നതോ ആയ ബാനറുകൾ, പോസ്റ്ററുകൾ, കട്ടൗട്ടുകൾ എന്നിവ സ്ഥാപിക്കരുതെന്ന് പാർട്ടി നിർദേശിച്ചു. തമിഴക വെട്രി കഴകം തമിഴ്നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനായി സ്ഥാപിതമായതാണ്. അതിനാൽ, ഈ ഉത്തരവാദിത്തത്തോടെ പാർട്ടി പ്രവർത്തിക്കണമെന്നും അറിയിപ്പിൽ പറയുന്നു. തെരുവുകളിലോ, ആളുകൾ കൂട്ടം കൂടുന്ന പൊതുസ്ഥലങ്ങളിലോ, പൊതുജനങ്ങളുടെ സഞ്ചാരത്തിനോ ഗതാഗതത്തിനോ തടസ്സമുണ്ടാക്കുന്ന രീതിയിൽ ബാനറുകൾ, പോസ്റ്ററുകൾ സ്ഥാപിക്കരുതെന്നും നിർദ്ദേശമുണ്ട്. ജന്മദിനാഘോഷങ്ങൾ, കുടുംബ പരിപാടികൾ പോലുള്ള അവസരങ്ങളിൽ പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന കാര്യങ്ങൾ ഒഴിവാക്കണമെന്നും പാർട്ടി അറിയിച്ചു.
ടിവികെ പാർട്ടി മേധാവിയും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയുടെ നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തമിഴ്നാട്ടിലെ പൊതു ഇടങ്ങളിൽ വലിയ തോതിൽ പോസ്റ്ററുകൾ, ബാനറുകൾ, കട്ട്-ഔട്ടുകൾ എന്നിവ സ്ഥാപിക്കുന്നത് വ്യാപകമായതിനെ തുടർന്നാണ് ടിവികെ പാർട്ടിയുടെ ഈ നടപടി. കൂടാതെ, സ്കൂളുകൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപമുള്ള സംസ്ഥാനത്തെ സർക്കാർ ഉടമസ്ഥതയിലുള്ള 717 ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു. ഈ ആഴ്ച അവസാനം വിജയ് വിശ്വാസ വോട്ടെടുപ്പ് നേരിടുമെന്നാണ് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ 108 സീറ്റുകളിൽ വിജയം നേടിയപ്പോൾ 234 അംഗ സഭയിൽ ഭൂരിപക്ഷം മറികടക്കാൻ കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, വിസികെ എന്നിവരുടെ പിന്തുണ ടിവികെക്ക് ലഭിച്ചു.