ഡൽഹി: കേന്ദ്ര സർക്കാർ ഇന്ധന വില വർദ്ധിപ്പിച്ചു. പെട്രോൾ, ഡീസൽ വിലയിൽ മൂന്ന് രൂപ വീതമാണ് വർധനവ് വരുത്തിയിരിക്കുന്നത്. 2024 മാർച്ച് മുതൽ പെട്രോളിൻ്റെയും ഡീസലിൻ്റെയും വിലയിൽ മാറ്റമില്ലായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലിറ്ററിന് 2 രൂപ കുറച്ചിരുന്നു.
സർക്കാർ നൽകിയ തീരുവ ഇളവുകൾ മൂലം ഇന്ധന വില പരിഷ്കരിക്കാനാകാതെ എണ്ണകമ്പനികൾ പ്രതിസന്ധിയിലായിരുന്നു. ക്രൂഡ് ഓയിൽ വില ബാരലിന് 120-125 ഡോളറിൽ തുടർന്നാൽ എണ്ണ കമ്പനികൾക്ക് വലിയ നഷ്ടം നേരിടേണ്ടി വരും. ഒരു ലിറ്റർ പെട്രോളിൽ 14 രൂപയും ഡീസലിൽ 18 രൂപയും വീതം നഷ്ടം ഉയരാം. ഈ സാഹചര്യത്തിലാണ് വില വർധന. പെട്രോൾ, ഡീസൽ, എൽപിജി വിൽപ്പനയിൽ കമ്പനികൾക്ക് ഇപ്പോൾ ഒരു മാസത്തിനുള്ളിൽ ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ വ്യക്തമാക്കിയിരുന്നു.
അതേസമയം മുൻ വർഷങ്ങളിൽ ക്രൂഡ് ഓയിൽ വില വലിയതോതിൽ ഇടിഞ്ഞപ്പോഴൊന്നും ആനുപാതികമായി കമ്പനികൾ പെട്രോൾ, ഡീസൽ വില കുറച്ചിരുന്നില്ല. റീട്ടെയ്ൽ ഇന്ധന വില സ്തംഭിച്ചിരുന്നപ്പോഴും കമ്പനികൾ ലാഭം നേടിയിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ പെട്രോൾ, ഡീസൽ വില വർധനയുടെ സൂചനകൾ ധനമന്ത്രാലയം നേരത്തെ നൽകിയിരുന്നു. ഏപ്രിലിലെ പ്രതിമാസ സാമ്പത്തിക അവലോകനത്തിൽ ചില സമ്പദ്വ്യവസ്ഥകൾ വില വർദ്ധനവ് വരുത്തിയിരിക്കുന്നത് ചൂണ്ടിക്കാട്ടി വില വർധന വേണ്ടി വരുമെന്ന് സൂചിപ്പിച്ചിരുന്നു. ഇന്ധന വില വർധന പണപ്പെരുപ്പത്തിൻ്റെ ആഘാതം ഉയർത്തും. പച്ചക്കറി, പഴം, പലവ്യഞ്ജനങ്ങൾ തുടങ്ങി സകല സാധനങ്ങൾക്കും വില ഉയർന്നേക്കാം.