തിരുവനന്തപുരം: പാളയം കന്നിമേര മാർക്കറ്റിലെ ഗുണ്ടാപ്പിരിവിനും അനധികൃത പണപ്പിരിവുകൾക്കുമെതിരെ ശക്തമായ നടപടികളുമായി തിരുവനന്തപുരം നഗരസഭ രംഗത്ത്. മാർക്കറ്റിൽ കരാറുകാരും തൽപരകക്ഷികളും ചേർന്ന് നടത്തുന്ന ചൂഷണങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ് അറിയിച്ചു. നഗരസഭയുടെ യാതൊരുവിധ അനുമതിയുമില്ലാതെ കരാറുകാർ സാധാരണക്കാരായ കച്ചവടക്കാരിൽ നിന്നും ഭീമമായ തുക പിരിച്ചെടുക്കുന്നു എന്ന ഗുരുതരമായ പരാതികളുടെ അടിസ്ഥാനത്തിലാണ് നഗരസഭ അടിയന്തര ഇടപെടൽ നടത്തിയിരിക്കുന്നത്.
ഡെപ്യൂട്ടി മേയർ, ഉന്നത ഉദ്യോഗസ്ഥർ, വാർഡ് കൗൺസിലർമാർ എന്നിവരടങ്ങുന്ന സംഘത്തോടൊപ്പമാണ് മേയർ നേരിട്ട് മാർക്കറ്റിൽ സന്ദർശനം നടത്തിയത്. ഉദ്യോഗസ്ഥർ നൽകുന്ന ഫയലുകൾക്കപ്പുറം കച്ചവടക്കാരുടെയും പൊതുജനങ്ങളുടെയും ദുരിതങ്ങളും മാർക്കറ്റിലെ മാലിന്യപ്രശ്നങ്ങളും നേരിട്ട് ബോധ്യപ്പെടാനാണ് മേയർ സ്ഥലത്തെത്തിയത്. നഗരസഭയുടെ അനുമതിയില്ലാതെ സ്വാധീനമുപയോഗിച്ച് കടകൾ കൈയടക്കി വെച്ചിരിക്കുന്നതായും, പൊതുവഴികൾ കെട്ടിയടച്ച് അനധികൃത നിർമാണങ്ങൾ നടത്തുന്നതായും വ്യാപകമായ പരാതികൾ ഉയർന്നിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി അനധികൃത പിരിവുകൾ നിരോധിച്ചുകൊണ്ട് നഗരസഭ നേരത്തെ തന്നെ നോട്ടീസ് നൽകിയിരുന്നു.
സ്മാർട്ട് സിറ്റി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച താൽക്കാലിക കടമുറികൾ നിലവിൽ കച്ചവടക്കാർക്ക് വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്. ബേക്കറി ജംഗ്ഷന് സമീപം 18 കോടി രൂപ ചെലവഴിച്ച് മൂന്ന് നിലകളിലായി നിർമ്മിച്ച കെട്ടിട സമുച്ചയം അശാസ്ത്രീയമാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. സ്ഥലപരിമിതിയും കൃത്യമായ ആസൂത്രണമില്ലായ്മയും കാരണം ആളുകൾ കയറാത്ത അവസ്ഥയായതോടെ, വലിയ തുക മുടക്കി കടമുറികൾ വാടകയ്ക്കെടുത്ത വ്യാപാരികൾ ഉപജീവനത്തിനായി വഴിവക്കിലിരുന്ന് കച്ചവടം ചെയ്യേണ്ട സാഹചര്യമാണുള്ളത്. ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരം കാണുമെന്ന് നഗരസഭ അധികൃതർ വ്യാപാരികൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്.