പാലോട്: വനമേഖലയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. വിതുര സ്വദേശി പ്രിൻസ് (52) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. തലയിൽ ഹെൽമെറ്റ് ധരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പാലോട് കെഎസ്ഇബി സബ്സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരനായിരുന്നു ഇദ്ദേഹം.
പാലോട് പാണ്ഡ്യൻപാറ കെഎസ്ഇബി പവർ സ്റ്റേഷന് സമീപത്തുള്ള വനപ്രദേശത്ത് ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തിന്റെ തലയിൽ ഹെൽമെറ്റ് ധരിച്ച അവസ്ഥയിലായിരുന്നു എന്നുള്ളതാണ് സംഭവത്തിൽ സംശയങ്ങൾക്ക് ഇടയാക്കുന്നത്.
ജോലിക്ക് പോയ പ്രിൻസ് രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ആശങ്കാകുലരായ കുടുംബാംഗങ്ങൾ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും പ്രിൻസ് സ്ഥിരമായി സഞ്ചരിക്കുന്ന വഴികളിലും തിരച്ചിൽ നടത്തിവരികയായിരുന്നു. ഈ തിരച്ചിലിനിടെയാണ് പവർ സ്റ്റേഷന് സമീപത്തെ വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തിൽ പാലോട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.