തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് നിയമസഭ സാക്ഷ്യം വഹിച്ചു. വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ ആരംഭിച്ച ചടങ്ങിൽ അക്ഷരമാലാക്രമത്തിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്. പ്രോ ടേം സ്പീക്കറായി ചുമതലയേറ്റ ജി സുധാകരൻ സഭാനടപടികൾ നിയന്ത്രിച്ചു. കളമശ്ശേരി മണ്ഡലത്തിൽ നിന്നുള്ള വി ഇ അബ്ദുൾ ഗഫൂർ ആണ് ആദ്യം സത്യപ്രതിജ്ഞ നിർവഹിച്ചത്.
സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ വിജയിച്ച വി കുഞ്ഞികൃഷ്ണൻ, ടി കെ ഗോവിന്ദൻ എന്നിവരുടെ സത്യപ്രതിജ്ഞ സഭയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ടി കെ ഗോവിന്ദൻ പിണറായി വിജയന് കൈകൊടുത്ത ശേഷമാണ് സത്യപ്രതിജ്ഞയ്ക്കായി എത്തിയത്. ഭരണപക്ഷ അംഗങ്ങൾ കയ്യടികളോടെയാണ് ഇദ്ദേഹത്തെ സ്വാഗതം ചെയ്തത്. പയ്യന്നൂരിൽ നിന്ന് വിജയിച്ച വി കുഞ്ഞികൃഷ്ണനും പിണറായി വിജയനെ അഭിവാദ്യം ചെയ്ത ശേഷമാണ് പ്രതിജ്ഞ ചൊല്ലിയത്. സിപിഎമ്മുമായി നിലനിന്ന രാഷ്ട്രീയ ഭിന്നതകൾക്കിടയിലും സഭയിലെത്തിയ ഇവരുടെ നടപടികൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്.
സഭയിലെ 133-ാമത്തെ അംഗമായാണ് പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് സ്പീക്കറുടെ ഡയസിലെത്തിയ അദ്ദേഹം ജി സുധാകരന് കൈകൊടുക്കുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്തു. സത്യപ്രതിജ്ഞയ്ക്ക് മുൻപായി പ്രതികരിച്ച ജി സുധാകരൻ, രാഷ്ട്രീയത്തിൽ വ്യക്തിപരമായ ശത്രുതയ്ക്ക് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയിരുന്നു. മുൻ മന്ത്രി കൂടിയായ തനിക്ക് സഭയിൽ എല്ലാവരും തുല്യരാണെന്നും ഭരണഘടനാപരമായ കടമ നിർവഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.