ചണ്ഡീഗഢ്: പഞ്ചാബ് പോലീസിലെ വിജിലൻസ് വിഭാഗം പ്രതിക്കൂട്ടിൽ. ചണ്ഡീഗഢിലെ ആസ്ഥാന ഓഫീസിൽ സി.ബി.ഐ മിന്നൽ പരിശോധന നടത്തി. വിജിലൻസ് ഉദ്യോഗസ്ഥർക്ക് വേണ്ടി ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് കേന്ദ്ര ഏജൻസിയുടെ ഈ നിർണായക നീക്കം. തിങ്കളാഴ്ച രാത്രി ആരംഭിച്ച പരിശോധനകൾ ചൊവ്വാഴ്ചയും തുടർന്നു. പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് നടന്ന കൈക്കൂലി ഇടപാടാണ് സി.ബി.ഐ വലയിലായത്.
സംസ്ഥാന നികുതി ഉദ്യോഗസ്ഥനെതിരെയുള്ള പരാതി ഒതുക്കിത്തീർക്കാൻ 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് കേസ്. സി.ബി.ഐ ഒരുക്കിയ കെണിയിൽ 13 ലക്ഷം രൂപയും ആഡംബര ഫോണും കൈപ്പറ്റുന്നതിനിടെ അങ്കിത് വാധ്വ എന്നയാൾ പിടിയിലായി. രക്ഷപ്പെടാൻ ശ്രമിച്ച ഇടനിലക്കാരായ വികാസ് ഗോയൽ, മകൻ രാഘവ് ഗോയൽ എന്നിവരെ സി.ബി.ഐ സംഘം പിന്തുടർന്ന് പഞ്ചാബ്-ഹരിയാന അതിർത്തിയിലെ അംബാലയ്ക്ക് സമീപം വെച്ച് പിടികൂടി. വിജിലൻസ് ഡി.ജി.യുടെ റീഡറായ ഒ.പി. റാണയ്ക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ഒളിവിലാണ്, ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
പ്രതികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 9 ലക്ഷം രൂപയും നിർണായക രേഖകളും പിടിച്ചെടുത്തു. എ.കെ 47 തോക്കുകളുമായി സ്വകാര്യ വ്യക്തികൾക്ക് സംരക്ഷണം നൽകിയ പഞ്ചാബ് പോലീസുകാരുടെ പങ്കും സി.ബി.ഐ അന്വേഷിച്ചു വരികയാണ്. വിജിലൻസ് വകുപ്പിലെ സുപ്രധാന വിവരങ്ങൾ ഒ.പി. റാണ ഇടനിലക്കാർക്ക് ചോർത്തി നൽകിയതായും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഈ വിഷയം പഞ്ചാബിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. അഴിമതിക്കാർക്ക് ഇനി രക്ഷയില്ലെന്നും സബ്കാ സാത്ത് സബ്കാ വികാസിനൊപ്പം സബ്കാ ഹിസാബും ചോദിക്കുമെന്നും ബി.ജെ.പി പ്രസിഡന്റ് സുനിൽ ജാഖർ പറഞ്ഞു.