ചണ്ഡീഗഢ്: പഞ്ചാബ് പോലീസിലെ വിജിലന്‍സ് വിഭാഗം പ്രതിക്കൂട്ടില്‍. ചണ്ഡീഗഢിലെ ആസ്ഥാന ഓഫീസില്‍ സി.ബി.ഐ മിന്നല്‍ പരിശോധന നടത്തി. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് കേന്ദ്ര ഏജന്‍സിയുടെ ഈ നീക്കം. തിങ്കളാഴ്ച രാത്രി തുടങ്ങിയ പരിശോധന ചൊവ്വാഴ്ചയും തുടർന്നു.
സംസ്ഥാന നികുതി ഉദ്യോഗസ്ഥനെതിരെയുള്ള കേസ് ഒതുക്കിത്തീര്‍ക്കാന്‍ 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന കേസിലാണ് പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് നടന്ന കൈക്കൂലി ഇടപാട് സി.ബി.ഐ വലയിലായത്. സി.ബി.ഐ ഒരുക്കിയ കെണിയില്‍ 13 ലക്ഷം രൂപയും ആഡംബര ഫോണുമായി അങ്കിത് വാധ്വ എന്നയാൾ പിടിയിലായി. രക്ഷപ്പെടാന്‍ ശ്രമിച്ച വികാസ് ഗോയല്‍, മകന് രാഘവ് ഗോയല്‍ എന്നിവരെ സി.ബി.ഐ പിന്തുടര്ന്ന് പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ അംബാലയ്ക്ക് സമീപം വെച്ച് പിടികൂടി.
വിജിലന്‍സ് ഡി.ജി.യുടെ റീഡറായ ഒ.പി. റാണയ്ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്, ഇയാൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. പ്രതികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 9 ലക്ഷം രൂപയും രേഖകളും പിടിച്ചെടുത്തു. എ.കെ 47 തോക്കുകളുമായി സ്വകാര്യ വ്യക്തികള്‍ക്ക് സംരക്ഷണം നല്കിയ പഞ്ചാബ് പോലീസുകാരുടെ പങ്കും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. വിജിലന്‍സ് വകുപ്പിലെ വിവരങ്ങള്‍ ഒ.പി. റാണ ഇടനിലക്കാര്‍ക്ക് ചോര്‍ത്തി നല്‍കിയതായും തെളിവുകൾ ലഭിച്ചിട്ടുണ്ട്. വിഷയം പഞ്ചാബില്‍ രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ടു. അഴിമതിക്കാര്‍ക്ക് രക്ഷയില്ലെന്നും ‘സബ്കാ സാത്ത് സബ്കാ വികാസിനൊപ്പം സബ്കാ ഹിസാബും ചോദിക്കുമെന്നും’ ബി.ജെ.പി പ്രസിഡന്റ് സുനില്‍ ജാഖര്‍ പ്രതികരിച്ചു.