കണ്ണൂർ: തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട് സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റിൽ വിമർശനം ഉയർന്നു. ടി.കെ. ഗോവിന്ദനെ പാർട്ടിയിൽ നിലനിർത്താൻ വേണ്ടത്ര ശ്രമം ഉണ്ടായില്ലെന്നും സെക്രട്ടേറിയേറ്റിൽ അഭിപ്രായമുണ്ടായി. ആനുകൂല്യങ്ങൾ ലഭിച്ചവരും ലഭിക്കാത്തവരുമെല്ലാം തെരഞ്ഞെടുപ്പിൽ പാർട്ടിയെ കൈവിട്ടെന്നും വിമർശനമുണ്ട്.
സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷമായ വിമർശനമാണ് കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റിൽ ഉയർന്നത്. പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും ശൈലി ജനങ്ങൾക്ക് ദഹിച്ചില്ലെന്നും സ്ഥാനാർത്ഥികളെ നിർണ്ണയിച്ച രീതി ശരിയായില്ലെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. എം.വി. ഗോവിന്ദൻ്റെ ഭാര്യ പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഇതിന് ഉദാഹരണമാണെന്നും അവർ ചൂണ്ടിക്കാട്ടി.
പാർട്ടി നേതൃത്വം സ്വയം തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തുമെന്നും പയ്യന്നൂരും തളിപ്പറമ്പിലുമുണ്ടായ പരാജയം അതിനുദാഹരണമാണെന്നും അഭിപ്രായങ്ങളുണ്ട്. മുഖ്യമന്ത്രിയുടെ പല വാക്കുകളും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. പയ്യന്നൂരിൽ അമിത ആത്മവിശ്വാസമാണ് വിനയായതെന്നും അടിയൊഴുക്ക് മനസ്സിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തലുണ്ട്. ജില്ലാ നേതൃത്വം വി. കുഞ്ഞികൃഷ്ണനെ വിലകുറച്ച് കണ്ടെന്നും തളിപ്പറമ്പിൽ വോട്ട് ചോർച്ചയുണ്ടായെന്നും വിമർശനമുയർന്നു. എം.വി. ഗോവിന്ദൻ പങ്കെടുത്ത സെക്രട്ടറിയേറ്റിലാണ് അംഗങ്ങൾ വിമർശനം ഉന്നയിച്ചത്.