ഗുരുവായൂർ: ടാറ്റ മോട്ടോഴ്സ് തങ്ങളുടെ മുഴുവൻ പാസഞ്ചർ വാഹന ശ്രേണിയിലും വില വർധിപ്പിക്കാൻ തീരുമാനിച്ചു. ഇലക്ട്രിക് വാഹനങ്ങൾ (ഇവി) ഉൾപ്പെടെയുള്ള എല്ലാ കാർ മോഡലുകൾക്കും പുതുക്കിയ നിരക്ക് ബാധകമായിരിക്കും. ജൂലൈ ഒന്ന് മുതൽ വർധിപ്പിച്ച വില പ്രാബല്യത്തിൽ വരുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. മോഡലും വേരിയന്റും അടിസ്ഥാനമാക്കി 1.5 ശതമാനം വരെ വില വർധനയാണ് വാഹന വിപണിയിൽ പ്രതീക്ഷിക്കുന്നത്.
ഉൽപാദന ചെലവുകളിലുണ്ടായ വർധനവും പണപ്പെരുപ്പവുമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമായി ടാറ്റ മോട്ടോഴ്സ് ചൂണ്ടിക്കാട്ടുന്നത്. വിപണിയിലെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും വർധിച്ച ചെലവിന്റെ വലിയൊരു ഭാഗം കമ്പനി തന്നെ വഹിച്ചുകൊണ്ടാണ് ഈ വില വർധന നടപ്പിലാക്കുന്നത്. മാരുതി സുസുക്കി, ഹ്യൂണ്ടായ് തുടങ്ങിയ പ്രമുഖ നിർമ്മാതാക്കളും നേരത്തെ തങ്ങളുടെ വിവിധ മോഡലുകൾക്ക് വില വർധിപ്പിച്ചിരുന്നു.
ടിയാഗോ, ടിഗോർ, ആൾട്രോസ്, പഞ്ച്, നെക്സോൺ, ഹാരിയർ, സഫാരി തുടങ്ങിയ ജനപ്രിയ മോഡലുകളെയും, ടിയാഗോ ഇവി, പഞ്ച് ഇവി, നെക്സോൺ ഇവി ഉൾപ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങളെയും വില വർധന ബാധിക്കും. പ്രീമിയം വിഭാഗത്തിലുള്ള എസ്യുവികൾക്കായിരിക്കും ഏറ്റവും കൂടുതൽ വില ഉയരുക. വേരിയന്റുകൾ അനുസരിച്ച് ഏകദേശം 25,000 രൂപ മുതൽ 45,000 രൂപ വരെ അധിക ബാധ്യത ഉപഭോക്താക്കൾക്ക് ഉണ്ടായേക്കുമെന്നാണ് സൂചന. വരാനിരിക്കുന്ന ഹാരിയർ ഇവി, സഫാരി ഇവി, കർവ്വ് ഇവി തുടങ്ങിയ പുതിയ മോഡലുകളെയും വിലക്കയറ്റം സ്വാധീനിച്ചേക്കും.