ദ ഹേഗ്: ഇന്ത്യയുടെ പൗരാണിക സാംസ്കാരിക പൈതൃകം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് വലിയ വിജയമായി പതിനൊന്നാം നൂറ്റാണ്ടിലെ ‘ആനൈമംഗലം ചെപ്പേടുകൾ’ നെതർലാൻഡ്സ് ഇന്ത്യക്ക് കൈമാറി. ‘ലൈഡൻ പ്ലേറ്റുകൾ’ എന്നും അറിയപ്പെടുന്ന ഇവ ചോള രാജവംശത്തിന്റെ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രരേഖകളിൽ ഒന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലാൻഡ്സ് സന്ദർശന വേളയിലാണ് ഈ ചരിത്രപരമായ കൈമാറ്റം നടന്നത്.
ഇന്ത്യൻ സർക്കാർ, ഡച്ച് സർക്കാർ, ഇവ സൂക്ഷിച്ചിരുന്ന ലൈഡൻ സർവ്വകലാശാല എന്നിവർ തമ്മിൽ വർഷങ്ങളായി നടത്തിയ ചർച്ചകളുടെ ഫലമായാണ് ഈ വീണ്ടെടുപ്പ് സാധ്യമായത്. ആകെ 21 ഫലകങ്ങളുള്ള ഈ ചെപ്പേടുകൾക്ക് 30 കിലോയോളം ഭാരമുണ്ട്. രാജേന്ദ്ര ചോളൻ ഒന്നാമന്റെ രാജമുദ്രയുള്ള വെങ്കല വളയത്താൽ ഇവ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. രാജരാജ ചോളൻ ഒന്നാമൻ, മകൻ രാജേന്ദ്ര ചോളൻ എന്നിവരുടെ ഭരണകാലത്തെ വിവരങ്ങളാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ചെപ്പേടുകളിലെ സംസ്കൃത ഭാഗം വിഷ്ണുവില് തുടങ്ങി ചോള രാജവംശത്തിന്റെ വംശാവലി വിവരിക്കുമ്പോൾ, തമിഴ് ഭാഗം നാഗപട്ടണത്തെ ‘ചൂഡാമണി വിഹാരം’ എന്ന ബുദ്ധമത കേന്ദ്രത്തിന് രാജരാജ ചോളൻ ഭൂമി ദാനം നൽകിയതിൻ്റെ വിവരങ്ങൾ പങ്കുവെക്കുന്നു. ഇന്നത്തെ ഇന്തോനേഷ്യ ഉൾപ്പെടുന്ന ശ്രീവിജയ സാമ്രാജ്യത്തിലെ ഭരണാധികാരിയായിരുന്ന ശ്രീമാര വിജയതുംഗ വർമ്മനാണ് ഈ വിഹാരം നിർമ്മിച്ചത്. രാജരാജ ചോളൻ നൽകിയ ഈ ദാനം പിൽക്കാലത്ത് മകൻ രാജേന്ദ്ര ചോളൻ ചെപ്പേടുകളിൽ കൊത്തിവെച്ച് സംരക്ഷിക്കുകയായിരുന്നു. ദക്ഷിണേന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും തമ്മിലുണ്ടായിരുന്ന സമുദ്രവ്യാപാര ബന്ധങ്ങൾ, മതപരമായ സഹിഷ്ണുത എന്നിവയെക്കുറിച്ച് ഈ രേഖകൾ വിലപ്പെട്ട വിവരങ്ങൾ നൽകുന്നു. ഹൈന്ദവ രാജാക്കന്മാർ ബുദ്ധമത സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നത് പുരാതന ഇന്ത്യയിലെ മതസൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമാണ്. ഏകദേശം 1700-ൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി നാഗപട്ടണത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത കാലത്ത് മിഷനറിയായ ഫ്ലോറൻഷ്യസ് കാമ്പറാണ് ഈ ചെപ്പേടുകൾ ശേഖരിച്ചത്. പിന്നീട് 1862-ൽ പ്രൊഫസർ ഹെൻറിക് ആരെന്റ് ഹമാക്കറിലൂടെ ഇവ ലൈഡൻ സർവ്വകലാശാലയുടെ ശേഖരത്തിലെത്തി. ഗവേഷകർക്ക് മാത്രം കാണാൻ കഴിയുന്ന രീതിയിൽ അതീവ സുരക്ഷയുള്ള നിലവറയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. 2022-ൽ കൊളോണിയൽ കാലത്തെ പുരാവസ്തുക്കൾ തിരികെ നൽകാനുള്ള നിയമം നെതർലാൻഡ്സ് പരിഷ്കരിച്ചതോടെയാണ് ഇന്ത്യയുടെ ശ്രമങ്ങൾ വേഗത്തിലായത്. തുടർന്ന് 2023-ൽ യുനെസ്കോയും ഇന്ത്യയുടെ അവകാശവാദത്തെ പിന്തുണയ്ക്കുകയും ഉഭയകക്ഷി ചർച്ചകൾക്ക് നിർദ്ദേശിക്കുകയും ചെയ്തത് ഈ ചരിത്രരേഖകൾ മാതൃരാജ്യത്തേക്ക് തിരികെയെത്താൻ വഴിയൊരുക്കി.