കൊല്‍ക്കത്ത: കൊല്‍ക്കത്ത മെട്രോയുടെ യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനുമായി അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ 60 പുതിയ തലമുറ ട്രെയിനുകള്‍ എത്തിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കൊല്‍ക്കത്ത മെട്രോ സ്റ്റേഷന് സന്ദര്‍ശന വേളയിലും തുടര്‍ന്ന് നടത്തിയ ട്രെയിന്‍ യാത്രയിലുമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നഗരത്തിലെ ഗതാഗത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി വലിയ ശ്രമങ്ങളാണ് നടത്തിവരുന്നതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. പദ്ധതികള്‍ പുരോഗമിക്കുന്നതിനനുസരിച്ച് കൊല്‍ക്കത്തയിലെ യാത്രാസൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും. വരും വര്‍ഷങ്ങളില്‍ പൂര്‍ണ്ണമായും പുതിയ തലമുറയില്‍പ്പെട്ട ട്രെയിനുകളാകും കൊല്‍ക്കത്ത മെട്രോയ്ക്ക് ലഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെട്രോ വികസനത്തിനൊപ്പം കൊല്‍ക്കത്ത നഗരത്തെ ബന്ധിപ്പിച്ചുകൊണ്ട് പുതിയ വാട്ടര്‍ മെട്രോ സംവിധാനം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. ഇതോടെ ജലഗതാഗത അധിഷ്ഠിത നഗര ശൃംഖലയുള്ള ഇന്ത്യയിലെ 18-ാമത്തെ നഗരമായി കൊല്‍ക്കത്ത മാറും. ഇതിനുപുറമെ, കേന്ദ്ര സര്‍ക്കാരിന്റെ സാഗര്‍മാല 2 പദ്ധതിയില്‍ സംസ്ഥാനം സജീവമായി പങ്കാളികളാകുമെന്നും, തീരദേശ വികസനം, മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങള്‍, ദ്വീപ് വികസനം തുടങ്ങിയ മേഖലകളിലായി അഞ്ച് വര്‍ഷത്തിനുള്ളില്‍ 22,700 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ, സെക്രട്ടറിയേറ്റായ നബന്നയില്‍ എത്തിയ കേന്ദ്രമന്ത്രിയെ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത നീക്കത്തിലൂടെ കൊല്‍ക്കത്തയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വലിയ മാറ്റങ്ങളാണ് വരും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കുന്നത്.