കൊച്ചി: നഗരത്തിലെ രാത്രികാല ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കൊച്ചി സിറ്റി പോലീസ്. ഇനിമുതല്‍ രാത്രി 11 മണിക്ക് ശേഷം പബ്ബുകളില്‍ ഡിജെ പാര്‍ട്ടികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ഡിജെ പാര്‍ട്ടികള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും വര്‍ധിക്കുന്നതായും, സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാകും വിധം അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങളിലേക്ക് നീങ്ങാന്‍ പോലീസ് തീരുമാനിച്ചത്. നഗരത്തില്‍ നിലവില്‍ തുടരുന്ന ‘ഓപ്പറേഷന് തൂഫാന്’ എന്ന പോലീസ് പരിശോധനകളുടെ ഭാഗമായാണ് ഈ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
നേരത്തെ സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ പബ്ബുകള്‍ ഉള്‍പ്പെടെ പുലര്‍ച്ചെ വരെ ഡിജെ പാര്‍ട്ടികളുമായി സജീവമായിരുന്നു. എന്നാല്‍, ലഹരി മാഫിയയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണങ്ങളില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവര്ക്കിടയിലുള്ള ലഹരി ഉപയോഗം സേനയുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന്, നഗരത്തിലെ പ്രമുഖ പബ്ബുകളെല്ലാം ഇപ്പോള്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.