തിരുവനന്തപുരം: കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ ദിനംപ്രതി രൂക്ഷമാകുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിൽ മാറിമാറി ഭരിച്ച എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ ഒരുപോലെ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ പ്രസ്താവിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം അഞ്ച് ജീവനുകളാണ് വന്യജീവി ആക്രമണങ്ങളിൽ നഷ്ടമായത്. ഇടുക്കി സൂര്യനെല്ലിയിൽ മകനെ സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ മാരിയമ്മാൾ കൊല്ലപ്പെട്ട സംഭവം കേരള മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ആക്രമണത്തിൽ പരിക്കേറ്റ കുട്ടി ഇപ്പോഴും ചികിത്സയിലാണ്.
സംസ്ഥാനത്ത് പുറത്തുവരുന്ന കണക്കുകൾ വന്യജീവി ആക്രമണങ്ങളുടെ ഭീകരത വ്യക്തമാക്കുന്നതാണ്. 2016 മുതൽ 2025 വരെയുള്ള കാലയളവിൽ 1,128 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 8,480 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. 2020 മുതൽ 2025 വരെയുള്ള അഞ്ച് വർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ മാത്രം 102 പേർ കൊല്ലപ്പെട്ടു. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ വിപുലമായ അധികാരങ്ങളും സാമ്പത്തിക സഹായവും നൽകുന്നുണ്ടെങ്കിലും, അവ ഫലപ്രദമായി വിനിയോഗിക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സോളാർ ഫെൻസിംഗ്, ബാരിക്കേഡുകൾ, അതിവേഗ പ്രതികരണ സംഘങ്ങൾ തുടങ്ങിയ പദ്ധതികൾക്കായി കേന്ദ്രം ധനസഹായം നൽകുന്നുണ്ടെങ്കിലും അവ സമയബന്ധിതമായി നടപ്പാക്കുന്നില്ല.
മനുഷ്യജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ നിലവിലുള്ള നിയമങ്ങൾ അധികാരം നൽകുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാർ അത് ഉപയോഗപ്പെടുത്തുന്നില്ല. ആക്രമണത്തിന് ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിലും കാലതാമസം നേരിടുന്നു. മലയോര മേഖലയിലെ ജനങ്ങളുടെ സുരക്ഷയിൽ രാഷ്ട്രീയം കളിക്കുന്നതിന് പകരം, ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ, റിയൽ ടൈം മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ അടിയന്തരമായി നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വം നിറവേറ്റുന്നതിൽ പരാജയപ്പെടുന്ന മുന്നണികളുടെ അനാസ്ഥയ്ക്കെതിരെ ശക്തമായ ജനവികാരം ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.