തിരുവനന്തപുരം: കേരളത്തിൽ കാലവർഷം സജീവമാകാൻ ഇനി മണിക്കൂറുകൾ മാത്രം. അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളതീരത്തും തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പുതിയ പ്രവചനം. അറബിക്കടലിന്റെ തെക്കുകിഴക്കൻ മേഖലയിൽ രൂപപ്പെട്ട ശക്തമായ അന്തരീക്ഷച്ചുഴിയാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണമാകുന്നത്.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കനത്ത ഇടിമിന്നലിനൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ട്.
തീരദേശ മേഖലകളിൽ കാറ്റിന്റെ വേഗത 55 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ജൂൺ നാല് വരെ കേരളതീരത്തുനിന്നും ലക്ഷദ്വീപ് ഭാഗങ്ങളിൽ നിന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.