കോട്ടയം: കേരളത്തിലെ നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കിക്കൊണ്ട് അതിഥിത്തൊഴിലാളികളെ ട്രെയിൻ മാർഗ്ഗം റാഞ്ചുന്ന മാഫിയാ സംഘങ്ങളുടെ പ്രവർത്തനം സജീവമാകുന്നു. കെട്ടിടനിർമാണ കമ്പനികളും കരാറുകാരും സ്വന്തം ചെലവിൽ ടിക്കറ്റും യാത്രാക്കൂലിയും നൽകി കേരളത്തിലേക്ക് കൊണ്ടുവരുന്ന തൊഴിലാളികളെയാണ് ചെന്നൈ, മംഗളൂരു തുടങ്ങിയ പ്രധാന റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങൾ തട്ടിയെടുക്കുന്നത്. സംസ്ഥാനത്തേക്ക് എത്തുന്ന അതിഥിത്തൊഴിലാളികളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തുന്നതിന് ഈ തട്ടിപ്പ് പ്രധാന കാരണമായിട്ടുണ്ട്.
സംസ്ഥാനത്തെ രൂക്ഷമായ തൊഴിലാളി ക്ഷാമം മറികടക്കാനായി കരാറുകാർ മേസ്തിരിമാർ വഴി പണം മുൻകൂറായി നൽകിയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പണിക്കാരെ എത്തിക്കുന്നത്. എന്നാൽ ട്രെയിൻ യാത്രയ്ക്കിടെ നുഴഞ്ഞുകയറുന്ന തട്ടിപ്പ് ഏജന്റുമാർ കൂടുതൽ പണിക്കൂലി വാഗ്ദാനം ചെയ്ത് തൊഴിലാളികളെ വഴിയിൽ ഇറക്കി കൊണ്ടുപോകുകയാണ് പതിവ്. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ മാത്രമാണ് തങ്ങളോടൊപ്പം യാത്ര തിരിച്ചവരിൽ ഭൂരിഭാഗം പേരും ചോർന്നുപോയ വിവരം മേസ്തിരിമാർ അറിയുന്നത്. അടുത്തിടെ ഇരുന്നൂറോളം പേരുമായി പുറപ്പെട്ട സംഘത്തിൽ വെറും പത്തു മുതൽ ഇരുപത് പേർക്ക് മാത്രമാണ് കേരളത്തിൽ എത്താനായതെന്ന് ബിൽഡേഴ്സ് അസോസിയേഷൻ കേരള ചെയർമാൻ സതീഷ് കുമാർ ചൂണ്ടിക്കാട്ടുന്നു.
മൺസൂൺ കാലത്ത് തൊഴിൽ ദിനങ്ങൾ കുറയുന്നതും, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ സാഹചര്യം മുതലെടുത്ത് നിലവിലുള്ള കൂലിയേക്കാൾ നൂറു രൂപ അധികം വാഗ്ദാനം ചെയ്താണ് ഏജന്റുമാർ ഇവരെ കെണിയിൽ വീഴ്ത്തുന്നത്. നിർമാണ മേഖലയിലെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്ന ഈ പ്രവണതയ്ക്കെതിരെ ശക്തമായ നടപടികൾ വേണമെന്ന ആവശ്യം ബിൽഡർമാർക്കിടയിൽ ഉയരുകയാണ്.