തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതിനുള്ള ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതി ജൂണ്‍ 15-ന് നിലവില്‍ വരും. മുഖ്യമന്ത്രി വി ഡി സതീശന്റെയും ഗതാഗത മന്ത്രി സി പി ജോണിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം സൗജന്യം അനുവദിക്കാന്‍ തീരുമാനിച്ചത്. പദ്ധതിയുടെ രണ്ടാം ഘട്ടം നൂറു ദിവസത്തെ പഠനത്തിന് ശേഷം മാത്രമേ നടപ്പിലാക്കുകയുള്ളൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വടക്കന്‍ ജില്ലകളിലെ സാഹചര്യം കണക്കിലെടുത്ത് ഫാസ്റ്റ് പാസഞ്ചറുകളില്‍ കൂടി സൗജന്യം അനുവദിക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും, സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് തല്ക്കാലം ഓര്‍ഡിനറി ബസുകളിലേക്ക് മാത്രം പദ്ധതി ചുരുക്കുകയായിരുന്നു.
പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെഎസ്ആര്‍ടിസിക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാരിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. കണക്കുകള്‍ പ്രകാരം, ഓര്‍ഡിനറി ബസുകളില്‍ മാത്രം സൗജന്യം നല്കുമ്പോള് പ്രതിമാസം 57 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് ഫാസ്റ്റ് പാസഞ്ചറുകളിലേക്ക് കൂടി വ്യാപിപ്പിച്ചാല്‍ 65 കോടിയും, എല്ലാ ക്ലാസ് ബസുകളിലും സൗജന്യം നല്കിയാല് 112 കോടി രൂപ വരെയും പ്രതിമാസ ബാധ്യത ഉയരും. കെഎസ്ആര്‍ടിസിയുടെ നിലവിലെ സാമ്പത്തിക സാഹചര്യം കണക്കിലെടുക്കുമ്പോള്‍, ഈ അധികച്ചെലവ് സര്‍ക്കാര്‍ നേരിട്ട് വഹിക്കേണ്ടി വരും.
നിലവില്‍ കെഎസ്ആര്‍ടിസിയിലെ പെന്ഷന് വിതരണത്തിന് സഹകരണ ബാങ്കുകളെ ആശ്രയിക്കുന്ന സാഹചര്യത്തില്‍, സാമ്പത്തിക ബാധ്യതകള്‍ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാനാണ് സര്‍ക്കാരിന്റെ തീരുമാനം. നൂറു ദിവസത്തെ പഠനത്തിന് ശേഷം ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പദ്ധതിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുമ്പോള്‍ തന്നെ, പൊതുഗതാഗത സംവിധാനത്തിന്റെ താളം തെറ്റാത്ത രീതിയിലുള്ള ക്രമീകരണങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്.