ഉദുമ: വ്യാജ ഓൺലൈൻ പേയ്മെന്റ് രേഖകൾ കാണിച്ച് കടക്കാരെ കബളിപ്പിച്ച് പണവും സ്വർണ്ണവും തട്ടിയെടുക്കുന്ന അന്തർജില്ലാ മോഷ്ടാവ് പിടിയിൽ. തിരുവനന്തപുരം സ്വദേശിയായ 36-കാരൻ മനുവിനെയാണ് ബേക്കൽ പോലീസ് പിടികൂടിയത്. സ്വർണ്ണക്കടകളിലും വ്യാപാര സ്ഥാപനങ്ങളിലും കയറി വ്യാജ പേയ്മെന്റ് സന്ദേശങ്ങൾ കാണിച്ച് ആഭരണങ്ങളും പണവും തട്ടിയെടുത്ത ശേഷം പ്രതി ഗോവയിലേക്ക് കടക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ വാരം ഉദുമയിലുള്ള ഒരു സ്വർണ്ണക്കടയിൽ എത്തിയ പ്രതി, താൻ പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കബളിപ്പിക്കൽ ആരംഭിച്ചത്. രണ്ട് തവണയായി പന്ത്രണ്ടര ഗ്രാമിലധികം വരുന്ന സ്വർണ്ണാഭരണങ്ങൾ വാങ്ങുകയും, മൊബൈൽ ബാങ്കിംഗ് വഴി പണം കൈമാറിയെന്ന് വിശ്വസിപ്പിച്ച് കടയുടമയെ തെറ്റിദ്ധരിപ്പിച്ച് ആഭരണങ്ങളുമായി കടന്നുകളയുകയുമായിരുന്നു. ബാങ്ക് ഇടപാടുകൾ ഒഴിവാക്കാൻ തട്ടിയെടുത്ത സ്വർണ്ണം മംഗളൂരുവിലെ കേന്ദ്രങ്ങളിൽ വിറ്റ് പണമാക്കി ഗോവയിലേക്ക് മാറിയ പ്രതി അവിടെ സുഖലോലുപമായ ജീവിതം നയിച്ചു വരികയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ സുഹൃത്തിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബേക്കൽ പോലീസ് സംഘം ഗോവയിലെ ഒളിത്താവളത്തിൽ നിന്ന് പ്രതിയെ പിടികൂടിയത്.
കാസർകോട് ജില്ലയിൽ മാസങ്ങളായി തമ്പടിച്ചിരുന്ന ഇയാൾ വിവിധയിടങ്ങളിൽ പല രീതിയിൽ തട്ടിപ്പുകൾ നടത്തിയിരുന്നു. പട്ടാളക്കാരൻ ചമഞ്ഞ് പാലക്കുന്നിലെ വ്യാപാരിയിൽ നിന്ന് 3,500 രൂപയും, പോലീസ് റെയ്ഡിൽ പിടിച്ചെടുത്ത പാചക എണ്ണ കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് വിശ്വസിപ്പിച്ച് മറ്റൊരു വ്യാപാരിയിൽ നിന്ന് 4,000 രൂപയും തട്ടിയെടുത്തു. പ്രതിയുടെ പക്കൽ നിന്ന് പോലീസിന്റേതടക്കമുള്ള വ്യാജ തിരിച്ചറിയൽ കാർഡുകളും, വ്യാജപ്പേരിൽ ചികിത്സ തേടിയ രേഖകളും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പത്തിലധികം കേസുകൾ ഇയാൾക്കെതിരെയുണ്ട്. ബേക്കൽ ഡിവൈ.എസ്.പി ആസാദിന്റെ നേതൃത്വത്തിൽ ട്രെയിനി ഐ.പി.എസ് ഉദ്യോഗസ്ഥൻ ശിവം, സി.ഐ അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.