ലക്നൗ: ഉത്തർപ്രദേശിലെ കൗശാംബിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം നടന്നതായി പരാതി. സംഭവത്തിൽ രണ്ട് വനിതാ അധ്യാപകർക്കെതിരെ ഉത്തർപ്രദേശ് പോലീസ് കേസെടുത്തു. 2021-ലെ യുപി മതപരിവർത്തന നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
സ്കൂൾ കേന്ദ്രീകരിച്ച് ആസൂത്രിതമായ മതപരിവർത്തന ശ്രമം നടന്നുവെന്നാണ് വിദ്യാർത്ഥിനിയുടെ പിതാവ് പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ നിർബന്ധിത പ്രാർത്ഥനയ്ക്ക് വിധേയയാക്കിയെന്നും, ഉർദു പുസ്തകങ്ങൾ വായിപ്പിക്കാനും ഇസ്ലാമിക പ്രാർത്ഥനകൾ ചൊല്ലാൻ നിർബന്ധിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു. സ്കൂൾ അധികൃതരുടെ അറിവോടെയായിരുന്നു ഇത്തരം പ്രവർത്തനങ്ങൾ നടന്നതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.
സ്കൂൾ പരിസരം കേന്ദ്രീകരിച്ച് പുറത്തുനിന്നുള്ള യുവാക്കളെ എത്തിച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ മതം മാറ്റാൻ ശ്രമം നടക്കുന്നതായും പരാതിയിൽ പറയുന്നു. ഈ യുവാക്കൾ വിദ്യാർത്ഥിനികളെ സ്വാധീനിച്ച് മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നതായും, ഇതിനു പിന്നിൽ ലവ് ജിഹാദ് ലക്ഷ്യങ്ങളുണ്ടെന്നും പിതാവ് സംശയം പ്രകടിപ്പിച്ചു. സംഭവത്തെത്തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായ വിദ്യാർത്ഥിനി സ്കൂളിൽ പോകുന്നത് നിർത്തിയിരിക്കുകയാണ്. പ്രതികളായ അധ്യാപകർക്കെതിരെ കൗശാംബി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.