വാഷിങ്ടൺ: ആഗോളതലത്തിൽ ഉറ്റുനോക്കുന്ന ഇറാൻ-അമേരിക്കൻ സംഘർഷാവസ്ഥയ്ക്ക് താൽക്കാലിക ശമനമാകുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ 60 ദിവസത്തേക്ക് കൂടി നീട്ടാൻ ധാരണയായതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എങ്കിലും, കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്തിമ അനുമതിക്ക് ശേഷമേ ഉണ്ടാകൂ എന്നാണ് പുറത്തുവരുന്ന വിവരം. ഈ സമാധാന കരാർ യാഥാർത്ഥ്യമായാൽ, അന്താരാഷ്ട്ര എണ്ണവ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമൂസ് കടലിടുക്ക് പൂർണ്ണമായും തുറന്നേക്കുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ.
ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും ആശങ്കകൾക്ക് കുറവില്ല. ഇറാന്റെ ബുഷഹിർ പ്രവിശ്യയ്ക്ക് മുകളിലൂടെ പറന്ന അമേരിക്കൻ യുദ്ധവിമാനം തങ്ങൾ തകർത്തതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. എന്നാൽ, ഇറാന്റെ ഈ വാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രതിരോധ മന്ത്രാലയം തള്ളിക്കളഞ്ഞു. ഇത്തരത്തിലുള്ള പ്രകോപനപരമായ സംഭവങ്ങൾ മേഖലയിലെ സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുന്നുണ്ട്.
വെടിനിർത്തൽ ചർച്ചകൾ ഒരുവശത്ത് നടക്കുമ്പോഴും ഇറാന് മേലുള്ള സാമ്പത്തിക സമ്മർദ്ദം തുടരാനാണ് അമേരിക്കയുടെ തീരുമാനം. ഇറാന്റെ പ്രധാന വരുമാന മാർഗ്ഗമായ എണ്ണ വ്യാപാരത്തിന് മേൽ യു.എസ് ട്രഷറി വകുപ്പ് കൂടുതൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തി. നിലവിലുള്ള ഉപരോധങ്ങൾ മറികടന്ന് ഇറാൻ എണ്ണ വില്പനയ്ക്കായി ഉപയോഗിക്കുന്ന എട്ടോളം പ്രമുഖ കപ്പലുകൾക്കും സ്ഥാപനങ്ങൾക്കും നേരെയാണ് അമേരിക്ക നേരിട്ട് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇറാന്റെ സൈനിക വിഭാഗമായ ഐ.ആർ.ജി.സിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സായ ‘ഷാഡോ എണ്ണ വിൽപ്പന’ പൂർണ്ണമായും തടയുകയാണ് ഈ കടുത്ത നീക്കത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്.