ന്യൂഡൽഹി: വെനിസ്വേലൻ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നാളെ ഇന്ത്യയിലെത്തും. ജൂൺ 3 മുതൽ 7 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള സുപ്രധാന ചർച്ചകൾ നടക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേരത്തെ തീരുമാനിച്ചിരുന്ന ‘ഇന്റർനാഷണൽ ബിഗ് ക്യാറ്റ്സ് അലയൻസ്’ ഉച്ചകോടി മാറ്റിവെച്ചതിനെത്തുടർന്നാണ് സന്ദർശന തീയതികളിൽ മാറ്റം വരുത്തിയത്.
വിദേശകാര്യം, സാമ്പത്തികം, ശാസ്ത്ര-സാങ്കേതികവിദ്യ, വാർത്താവിനിമയം, ഗതാഗതം എന്നീ വകുപ്പുകളിലെ മന്ത്രിമാർ ഉൾപ്പെടുന്ന ഉന്നതതല പ്രതിനിധി സംഘവും ആക്ടിങ് പ്രസിഡന്റിനൊപ്പമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഡെൽസി റോഡ്രിഗസിന്റെ ആറാമത്തെ ഇന്ത്യൻ സന്ദർശനമാണിത്. നേരത്തെ വിദേശകാര്യ മന്ത്രിയായും വൈസ് പ്രസിഡന്റായും അവർ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അവർ ഉഭയകക്ഷി ചർച്ചകൾ നടത്തും.
ഊർജ്ജം, വ്യാപാരം, നിക്ഷേപം, ഫാർമസ്യൂട്ടിക്കൽസ്, ആരോഗ്യ സംരക്ഷണം, പുനരുപയോഗ ഊർജ്ജം തുടങ്ങിയ മേഖലകളിലെ സഹകരണം വിപുലമാക്കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചർച്ച ചെയ്യും. ഇന്ത്യയും വെനിസ്വേലയും തമ്മിലുള്ള ദീർഘകാലത്തെ ഊഷ്മളമായ നയതന്ത്ര സൗഹൃദത്തിന്റെ ഭാഗമായി, അന്താരാഷ്ട്ര വിഷയങ്ങളിൽ ഇരുരാജ്യങ്ങൾക്കും സമാനമായ കാഴ്ചപ്പാടാണുള്ളത്. 2024-ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 65-ാം വാർഷികം ആഘോഷിച്ചിരുന്നു. കൂടാതെ, വെനിസ്വേലയുടെ ഊർജ്ജ-നിക്ഷേപ മേഖലകളിൽ ഇന്ത്യ നിർണ്ണായക പങ്കാളിയായി തുടരുന്നുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.