ന്യൂഡൽഹി: പശ്ചിമേഷ്യൻ നയതന്ത്ര രംഗത്ത് ഭാരതത്തിന് നിർണായക പങ്കുവഹിക്കാനാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്ത്രപ്രധാനമായ ചബാഹർ തുറമുഖ പദ്ധതി ഇന്ത്യ-ഇറാൻ സഹകരണത്തിൻ്റെ മുഖമുദ്രയാണെന്നും അമേരിക്കൻ ഉപരോധങ്ങൾക്കിടയിലും ഇന്ത്യ നിക്ഷേപം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പാകിസ്താനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും വ്യാപാര പാത തുറക്കുന്ന ചബാഹർ തുറമുഖം ഇന്ത്യക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന് അരാഗ്ചി ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യക്ക് മാത്രമല്ല, യൂറോപ്യൻ രാജ്യങ്ങൾക്കും മധ്യേഷ്യൻ രാജ്യങ്ങൾക്കും ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള ഒരു സ്വർണ്ണവാതിലായി ഈ തുറമുഖം മാറും. യു.എസ് ഉപരോധം കാരണം പദ്ധതിയുടെ വേഗത കുറഞ്ഞതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
ഗൾഫ് മേഖലയിൽ നയതന്ത്രം പ്രോത്സാഹിപ്പിക്കാൻ ഇന്ത്യ നടത്തുന്ന ഏത് ക്രിയാത്മക നീക്കത്തെയും ഇറാൻ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ ഇന്ത്യ സ്വീകരിക്കുന്ന നിഷ്പക്ഷ നിലപാടിനെ ഇറാൻ വിദേശകാര്യ മന്ത്രി പ്രശംസിച്ചു. മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ എല്ലാ രാജ്യങ്ങളുമായും നല്ല സൗഹൃദമുള്ള ഇന്ത്യക്ക് വലിയ പങ്കുവഹിക്കാനാകും. ചബാഹർ തുറമുഖത്തിനായുള്ള യു.എസ് ഉപരോധ ഇളവ് ഈ വർഷം ഏപ്രിലിൽ അവസാനിച്ചിരുന്നു. ഷാഹിദ് ബെഹെഷ്തി ടെർമിനലിൻ്റെ പ്രവർത്തനത്തിനായി 10 വർഷത്തെ കരാറിൽ ഇന്ത്യ ഒപ്പിട്ടിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ഉപരോധം മറികടക്കാൻ ബദൽ മാർഗങ്ങൾ ഇന്ത്യ തേടുന്നുണ്ട്. ഇറാനിലെ പ്രാദേശിക സ്ഥാപനങ്ങൾക്ക് താൽക്കാലികമായി ചുമതല കൈമാറുന്നതടക്കമുള്ള കാര്യങ്ങൾ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പരിഗണനയിലാണ്. ട്രംപ് ഭരണകൂടമാണ് പശ്ചിമേഷ്യയിലെ സമാധാനത്തിന് തടസ്സമെന്ന് ആരോപിച്ച അരാഗ്ചി, സമ്മർദ്ദങ്ങൾക്ക് ഇറാൻ വഴങ്ങില്ലെന്നും പ്രശ്നങ്ങൾക്ക് സൈനികമായ പരിഹാരമില്ലെന്നും വ്യക്തമാക്കി. നയതന്ത്ര തലത്തിൽ ഇന്ത്യ നൽകുന്ന പിന്തുണയെ ഇറാൻ വലിയ വിലയോടെയാണ് കാണുന്നത്.