ഇഎംഐ (EMI) അടിസ്ഥാനത്തിൽ വാങ്ങിയ മൊബൈൽ ഫോണുകളുടെയും ടാബ്ലെറ്റുകളുടെയും തിരിച്ചടവ് മുടങ്ങിയാൽ ഉപകരണം ഭാഗികമായി ‘ലോക്ക്’ ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുതിയ കരട് മാർഗരേഖ പുറത്തിറക്കി. നിലവിൽ പല കമ്പനികളും ഈ രീതി പിന്തുടരുന്നുണ്ടെങ്കിലും, ഉപഭോക്താക്കളുടെ അവകാശങ്ങളും സ്വകാര്യതയും സംരക്ഷിച്ചുകൊണ്ട് ഇതിനൊരു കൃത്യമായ ചട്ടം കൊണ്ടുവരികയാണ് ആർബിഐ.
പ്രധാന നിബന്ധനകൾ
- വായ്പയുടെ സ്വഭാവം: മൊബൈൽ ഫോൺ വാങ്ങാനായി എടുത്ത വായ്പയാണെങ്കിൽ മാത്രമേ ഫോൺ ലോക്ക് ചെയ്യാൻ സാധിക്കൂ. മറ്റ് വായ്പാ കുടിശ്ശികകളുടെ പേരിൽ ഫോൺ പ്രവർത്തിക്കുന്നത് തടയാൻ പാടില്ല.
- മുൻകൂർ സമ്മതം: ഫോൺ ലോക്ക് ചെയ്യുന്നതിന് വായ്പാ കരാറിൽ ഉപഭോക്താവിന്റെ സമ്മതം മുൻകൂറായി വാങ്ങിയിരിക്കണം. ഫോണിൽ പ്രീ-ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾ വഴിയാകും ഈ നിയന്ത്രണം.
- 90 ദിവസത്തെ കുടിശ്ശിക: വായ്പ തിരിച്ചടവ് മുടങ്ങി 90 ദിവസം കഴിഞ്ഞാൽ മാത്രമേ ഉപകരണങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ പാടുള്ളൂ.
- നോട്ടീസ് നൽകണം: കുടിശ്ശികയായി 60 ദിവസം പിന്നിടുമ്പോൾ ആദ്യ നോട്ടീസ് നൽകുകയും 21 ദിവസം സമയം അനുവദിക്കുകയും വേണം. പണമടച്ചില്ലെങ്കിൽ ഒരാഴ്ച കൂടി സമയം അനുവദിച്ച് രണ്ടാമത്തെ നോട്ടീസും നൽകിയ ശേഷം മാത്രമേ ഫോൺ ലോക്ക് ചെയ്യാവൂ.
ലഭ്യമാക്കേണ്ട അവശ്യ സേവനങ്ങൾ
ഫോൺ ഭാഗികമായി ലോക്ക് ചെയ്താലും ഉപഭോക്താവിന് താഴെ പറയുന്ന സേവനങ്ങൾ തടയാൻ പാടില്ലെന്ന് ആർബിഐ കർശന നിർദേശം നൽകുന്നു:
- ഇൻകമിങ് കോളുകൾ
- ഇന്റർനെറ്റ് കണക്റ്റിവിറ്റി
- എമർജൻസി എസ്.ഒ.എസ് (SOS) സേവനങ്ങൾ
- സർക്കാരിന്റെ ജാഗ്രതാ സന്ദേശങ്ങൾ
ധനകാര്യ സ്ഥാപനങ്ങൾക്കുള്ള വ്യവസ്ഥകളും പിഴയും
- 250 രൂപ പിഴ: കുടിശ്ശിക തുക തിരിച്ചടച്ചാൽ ഒരു മണിക്കൂറിനുള്ളിൽ ഫോണിലെ നിയന്ത്രണങ്ങൾ നീക്കിയിരിക്കണം. വീഴ്ച വരുത്തിയാൽ, വൈകുന്ന ഓരോ മണിക്കൂറിനും 250 രൂപ വീതം ധനകാര്യ സ്ഥാപനം ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണം.
- വിവരങ്ങളുടെ സുരക്ഷ: ലോക്ക് ചെയ്ത ഫോണുകളിലെ വ്യക്തിഗത വിവരങ്ങൾ (Personal Data) ധനകാര്യസ്ഥാപനങ്ങൾ ഒരു കാരണവശാലും ഉപയോഗിക്കാൻ പാടില്ല.
- ആപ്പ് നീക്കം ചെയ്യൽ: വായ്പ മുഴുവനായും തിരിച്ചടച്ചു കഴിഞ്ഞാൽ ഫോൺ ലോക്ക് ചെയ്യാനുള്ള ആപ്പുകൾ ഉപകരണത്തിൽ നിന്നും പൂർണ്ണമായി നീക്കം ചെയ്തിരിക്കണം.
- മുൻകൂർ അടച്ചുതീർക്കൽ: ലോൺ കാലാവധി തീരുന്നതിന് മുൻപായി തുക ഒന്നിച്ചുനൽകി വായ്പ അവസാനിപ്പിക്കാൻ (Pre-close) ഉപഭോക്താവിന് അവകാശമുണ്ടായിരിക്കും.
പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താനായി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കരട് ചട്ടം ഉടൻ തന്നെ ഔദ്യോഗികമായി പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരാതികൾ വേഗത്തിൽ പരിഹരിക്കാൻ കൃത്യമായ സംവിധാനം ഉണ്ടായിരിക്കണമെന്നും നിർദേശമുണ്ട്.