സൂററ്റ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും കോൺഗ്രസ് പാർട്ടിക്കെതിരെയും രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഇന്ന് ‘ആത്മനിർഭർ ഭാരത്’ ക്യാമ്പയിനെ നിരന്തരം പരിഹസിക്കുകയും രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ വിലകുറച്ചു കാണുകയും ചെയ്യുന്ന ചില നിരാശവാദികളുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗുജറാത്തിലെ സൂററ്റിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മറ്റുള്ളവരെ ആശ്രയിച്ചു കഴിയുന്ന ഒരു രാജ്യത്തിന് ഒരിക്കലും വികസനത്തിന്റെ ഉയരങ്ങളിൽ എത്താൻ കഴിയില്ലെന്ന് ഇക്കൂട്ടർ മറന്നുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 12 വർഷമായി രാജ്യത്ത് അരാജകത്വവും അനിശ്ചിതത്വവും പടർത്തി അവസരങ്ങൾ മുതലെടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ഗുജറാത്തിലെ ജനങ്ങൾ കോൺഗ്രസിനെ പൂർണ്ണമായും തള്ളിക്കളഞ്ഞു. ഹരിയാന, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ കോൺഗ്രസിന്റെ ദുർഭരണത്തിനെതിരെയുള്ള ജനവിധിയാണ്. കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെയും ജനങ്ങൾക്കിടയിൽ കടുത്ത അമർഷമുണ്ടെന്നും, അരാജകത്വം തേടുന്ന കോൺഗ്രസിന്റെ രാഷ്ട്രീയം രാജ്യത്ത് ഇനി വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകം അഭൂതപൂർവമായ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഓർമ്മിപ്പിച്ച പ്രധാനമന്ത്രി, കോവിഡ് പ്രതിസന്ധിയും യുദ്ധങ്ങളും ഊർജ്ജ പ്രതിസന്ധിയും ഉൾപ്പെടെയുള്ള ആഗോള വെല്ലുവിളികളെ 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ പരിശ്രമത്തിലൂടെ രാജ്യം അതിജീവിച്ചതായി പറഞ്ഞു. ഇന്ത്യ ഇപ്പോൾ നിഷേധാത്മകതയ്ക്ക് അപ്പുറം ശുഭാപ്തിവിശ്വാസമുള്ള രാജ്യമായി വളർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുറാലിക്ക് മുന്നോടിയായി സൂററ്റിൽ 18,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ചെയ്തു.