ചിക്കാഗോ: ഫുട്ബോൾ ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കാനായി അമേരിക്കയിലെത്തിയ ഇറാഖ് ദേശീയ ടീമിലെ സൂപ്പർ സ്ട്രൈക്കർ ഐമൻ ഹുസൈനെ ചിക്കാഗോ ഒഹെയർ വിമാനത്താവളത്തിൽ വെച്ച് യു.എസ് അധികൃതർ മണിക്കൂറുകളോളം തടഞ്ഞുവെച്ച് ചോദ്യം ചെയ്തു. മുപ്പത് വയസ്സുകാരനായ താരത്തെ ഏഴ് മണിക്കൂർ നീണ്ട പരിശോധനകൾക്ക് ശേഷമാണ് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചത്. എന്നാൽ, ടീമിനൊപ്പം എത്തിയ ഔദ്യോഗിക ഫോട്ടോഗ്രാഫർ തലാൽ സലാഹിന് അമേരിക്കയിലേക്ക് പ്രവേശനാനുമതി നിഷേധിച്ചു.
ഇറാഖ് ഒളിമ്പിക് കമ്മിറ്റിയിലെ ഉദ്യോഗസ്ഥരാണ് സംഭവത്തിൽ സ്ഥിരീകരണം നടത്തിയത്. വിമാനത്താവളത്തിൽ വെച്ച് ഐമൻ ഹുസൈന്റെ മൊബൈൽ ഫോൺ അധികൃതർ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. തലാൽ സലാഹിനെ പത്ത് മണിക്കൂറിലധികം തടഞ്ഞുവെക്കുകയും സമാനമായ പരിശോധനകൾ നടത്തുകയും ചെയ്ത ശേഷമാണ് അദ്ദേഹത്തെ തിരിച്ചയക്കാൻ അധികൃതർ തീരുമാനിച്ചത്. സംഭവത്തിൽ ഇറാഖ് ഫുട്ബോൾ അസോസിയേഷനോ ഐമൻ ഹുസൈനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്, ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് എന്നിവരും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പുലർച്ചെ തന്നെ പ്രിയ താരങ്ങളെ സ്വീകരിക്കാൻ വൻ ആരാധകനിരയാണ് വിമാനത്താവളത്തിൽ തടിച്ചുകൂടിയത്. നീണ്ട 40 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇറാഖ് ടീം ലോകകപ്പ് വേദിയിലേക്ക് തിരിച്ചെത്തുന്നത്. ടീമിനെ ലോകകപ്പ് യോഗ്യതയിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ഐമൻ ഹുസൈനാണ് മുന്നേറ്റനിരയുടെ കരുത്ത്. അലി അൽ ഹമാദി, അലി ജാസിം, യൂസഫ് അമീൻ തുടങ്ങിയ യുവതാരങ്ങളും ടീമിലുണ്ട്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിലെ ഗ്രൂപ്പ് ‘ഐ’-യിലാണ് ഇറാഖ് മത്സരിക്കുന്നത്. ഫ്രാൻസ്, സെനഗൽ, നോർവേ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.