തിരുവനന്തപുരം: ദേവസ്വം സ്പെഷ്യൽ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. ദേവസ്വം സ്പെഷ്യൽ പ്ലീഡർ സ്ഥാനത്തുനിന്ന് കെ ബി പ്രദീപ് രാജിവെച്ചതുകൊണ്ട് മാത്രം വിവാദം അവസാനിക്കുന്നില്ലെന്നും, ഈ നിയമനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പ്ലീഡർ സ്ഥാനത്തേക്ക് കെ ബി പ്രദീപിനെ നിയമിച്ചത് നിലവിലെ അന്വേഷണം അട്ടിമറിക്കാൻ നടത്തിയ ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾക്ക് വേണ്ടി കോടതിയിൽ വാദിച്ച അഭിഭാഷകനെ തന്നെ ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകാൻ നിയമിച്ച നടപടി ദുരൂഹമാണ്. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിയമനം നടത്തിയതെന്ന് സർക്കാർ വ്യക്തമാക്കണം.
പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ശബരിമല വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട വി ഡി സതീശൻ, കോൺഗ്രസ് നിലപാട് മാറ്റിയതിനെതിരെ മൗനം പാലിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. ശബരിമല വിഷയത്തിലും അയ്യപ്പ വിശ്വാസികളെ വഞ്ചിക്കുന്ന കാര്യത്തിലും സിപിഎമ്മും കോൺഗ്രസും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ഇരട്ടത്താപ്പിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ നിയമന നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.