കൊച്ചി: കേരള വഖഫ് ബോർഡിൽ മുസ്ലിം ഇതര വിഭാഗങ്ങളിൽ നിന്നുള്ള രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. വിഷയത്തിൽ രണ്ടാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി.
2025ലെ വഖഫ് നിയമഭേദഗതി പ്രകാരം, വഖഫ് ബോർഡിൽ മുസ്ലിം ഇതര വിഭാഗങ്ങളിൽപ്പെട്ട രണ്ട് അംഗങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഈ നിയമപരമായ നിബന്ധന പാലിക്കാതെയാണ് നിലവിലെ ബോർഡ് രൂപീകരിച്ചിരിക്കുന്നതെന്നും അതിനാൽ ബോർഡിന്റെ പ്രവർത്തനം നിയമവിരുദ്ധമാണെന്നും ഹർജിക്കാരൻ വാദിക്കുന്നു.
ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്. 2026-ൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ ഒൻപത് അംഗങ്ങളെയാണ് സർക്കാർ നിശ്ചയിച്ചത്. നിയമിക്കപ്പെട്ട ഒൻപത് പേരും മുസ്ലിം സമുദായത്തിൽപ്പെട്ടവരാണെന്ന വസ്തുതയും ഹർജിയിൽ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.