ഗുരുവായൂർ: പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾക്കിടയിലും ഇന്ത്യൻ ഓഹരി വിപണി ബുധനാഴ്ച രാവിലെ മികച്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. റിലയൻസ് ഇന്ഡസ്ട്രീസ്, ബാങ്കിംഗ് ഓഹരികൾ, പ്രമുഖ എഫ്.എം.സി.ജി കമ്പനികൾ എന്നിവയിലുണ്ടായ ശക്തമായ ബയിംഗ് താൽപ്പര്യമാണ് വിപണിക്ക് കരുത്തായത്. രാവിലെ 9:45-ലെ കണക്കുകൾ പ്രകാരം ബി.എസ്.ഇ സെൻസെക്സ് 432 പോയിന്റ് (0.6%) ഉയർന്ന് 74,351 എന്ന നിലവാരത്തിലെത്തി. നിഫ്റ്റി 50 സൂചിക 114 പോയിന്റ് (0.5%) നേട്ടത്തോടെ 23,356 എന്ന നിലവാരത്തിൽ വ്യാപാരം തുടരുന്നു. ആഗോളതലത്തിലെ യുദ്ധഭീതി പൂർണ്ണമായി വിട്ടുമാറിയിട്ടില്ലെങ്കിലും ആഭ്യന്തര വിപണിയിൽ നിക്ഷേപകർ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.
വിപണിയുടെ സാങ്കേതിക വശങ്ങൾ പരിശോധിക്കുമ്പോൾ, നിഫ്റ്റി നിലവിൽ 23,180 – 23,380 എന്ന നിർണ്ണായക പരിധിക്കുള്ളിൽ കൺസോളിഡേഷൻ ഘട്ടത്തിലാണ്. ബേസ് രൂപീകരണത്തിനായുള്ള ശ്രമങ്ങൾ സൂചികയിൽ ദൃശ്യമാണ്. 23,380 എന്ന നിലവാരത്തിന് മുകളിൽ ശക്തമായി നിലനിൽക്കാൻ സാധിച്ചാൽ സൂചിക 23,750-23,800 എന്ന റെസിസ്റ്റൻസ് മേഖലയിലേക്ക് ഉയരാൻ സാധ്യതയുണ്ട്. അതേസമയം, ബാങ്ക് നിഫ്റ്റി 55,000 എന്ന നിർണ്ണായക നിലവാരത്തിന് മുകളിൽ ഭദ്രമായി തുടരുന്നത് വിപണിക്ക് ആത്മവിശ്വാസം നൽകുന്നു. ആർ.ബി.ഐയുടെ പുതിയ ഫോറെക്സ് സ്വാപ്പ് നയം ബാങ്കിംഗ് മേഖലയുടെ ഫണ്ടിംഗ് ശേഷി വർദ്ധിപ്പിക്കുമെന്ന വിലയിരുത്തലിലാണ് നിക്ഷേപകർ. എന്നാൽ മെറ്റൽ, ഐ.ടി മേഖലകളിൽ വൾപന സമ്മർദ്ദം തുടരുന്നുണ്ട്. ഇൻഫോസിസ് ഓഹരി എക്സ്-ഡിവിഡന്റ് ആയതിനെത്തുടർന്നാണ് ഐ.ടി മേഖലയിൽ ഇടിവ് രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ വർദ്ധനവ് ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് പണപ്പെരുപ്പ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും, എഫ്.എം.സി.ജി മേഖലയിലെ പ്രതിരോധ നിക്ഷേപങ്ങൾ വിപണിക്ക് താങ്ങായി. ഹിന്ദുസ്ഥാൻ യൂണിലിവർ, നെസ്ലെ ഇന്ത്യ തുടങ്ങിയ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. വരും മണിക്കൂറുകളിൽ വെൽസ്പൺ കോർപ്പറേഷൻ, ഡിക്സൺ ടെക്നോളജീസ്, എൻ.എൽ.സി ഇന്ത്യ തുടങ്ങിയ ഓഹരികളിലെ ചലനങ്ങൾ നിക്ഷേപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിഫ്റ്റിക്ക് 23,380 എന്ന പ്രതിരോധ നിലവാരം ഭേദിച്ച് മുന്നേറാൻ കഴിഞ്ഞാൽ മാത്രമേ നിലവിലെ പോസിറ്റീവ് ട്രെൻഡ് വിപണിക്ക് തുടർന്നും നിലനിർത്താൻ സാധിക്കുകയുള്ളൂ.