തിരുവനന്തപുരം: വിദേശ പ്രഭാഷകയ്ക്ക് പ്രതിഫലമായി നൽകിയ തുകയിൽ ഗുരുതരമായ പിഴവ് വരുത്തിയ സംഭവത്തിൽ, നഷ്ടപ്പെട്ട പണം ബന്ധപ്പെട്ട അധ്യാപകനിൽ നിന്ന് ഈടാക്കാൻ കേരള സർവകലാശാലയുടെ തീരുമാനം. ലാറ്റിനമേരിക്കൻ പഠന കേന്ദ്രം ഡയറക്ടർ ഗിരീഷ് കുമാറിൽ നിന്ന് തുക ഈടാക്കാൻ സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മേലാണ് നിർദ്ദേശം നൽകിയത്.
20,000 രൂപയ്ക്ക് പകരം 20,000 ഡോളർ കൈമാറിയതാണ് സാമ്പത്തിക നഷ്ടത്തിന് കാരണമായത്. ഏകദേശം 16,50,000 രൂപയാണ് ഈ പിഴവ് മൂലം സർവകലാശാലയ്ക്ക് നഷ്ടമായത്. ഓൺലൈനായി സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയുടെ പ്രതിഫലം കൈമാറുന്നതിനിടെയാണ് ഉദ്യോഗസ്ഥതലത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചത്. 2024-ലാണ് ഈ ഫണ്ട് കൈമാറ്റം നടന്നത്.
ബാങ്ക് ഓംബുഡ്സ്മാൻ നടത്തിയ പരിശോധനയിലാണ് പണം മാറി നൽകിയ വിവരം ഔദ്യോഗികമായി പുറത്തുവന്നത്. സംഭവത്തിൽ വ്യക്തത വന്നതിനെത്തുടർന്ന് നഷ്ടപ്പെട്ട തുക അധ്യാപകനിൽ നിന്ന് തിരിച്ചുപിടിക്കാൻ വൈസ് ചാൻസലർ കർശന നിർദ്ദേശം നൽകുകയായിരുന്നു. സർവകലാശാലയുടെ സാമ്പത്തിക ഇടപാടുകളിൽ വലിയ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കും.