ഇന്ത്യ: രാജ്യത്തെ അതിവേഗ ഡെലിവറി വിപണിയില്‍ വന്‍ മുന്നേറ്റവുമായി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ‘സെപ്റ്റോ’. മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവന്നതോടെ, എതിരാളികളായ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിനെ പിന്തള്ളാനും വിപണിയിലെ ഒന്നാം സ്ഥാനക്കാരായ സോമാറ്റോയുടെ ബ്ലിങ്കിറ്റുമായുള്ള അകലം ഗണ്യമായി കുറയ്ക്കാനും കമ്പനിക്ക് കഴിഞ്ഞു. കമ്പനി സമര്‍പ്പിച്ച ഏറ്റവും പുതിയ ഡ്രാഫ്റ്റ് പ്രോസ്പെക്ടസിലാണ് ഈ വിവരങ്ങളുള്ളത്. അതേസമയം, ബിസിനസ്സ് വലിയ തോതില്‍ വളരുമ്പോഴും ലാഭക്ഷമത കൈവരിക്കുന്നതിലെ വെല്ലുവിളികള്‍ കമ്പനി നേരിടുന്നുണ്ട്.
ഓര്‍ഡറുകളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് സെപ്റ്റോ കാഴ്ചവെക്കുന്നത്. മാര്‍ച്ച് പാദത്തില്‍ മാത്രം 21 കോടി ഓര്‍ഡറുകളാണ് കമ്പനി പ്രോസസ്സ് ചെയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 70 ശതമാനത്തിന്റെ വളര്‍ച്ചയാണിത്. ഇതേ കാലയളവില്‍ 11.26 കോടി ഓര്‍ഡറുകള്‍ മാത്രം നേടിയ സ്വിഗ്ഗി ഇന്സ്റ്റാമാര്ട്ടിനേക്കാള് ഇരട്ടിയോളം മുന്നിലെത്താന്‍ സെപ്റ്റോയ്ക്ക് സാധിച്ചു. 27.39 കോടി ഓര്‍ഡറുകളുമായി ബ്ലിങ്കിറ്റ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും ഡാര്‍ക്ക് സ്റ്റോറുകളുടെ ഉല്‍പ്പാദനക്ഷമതയില്‍ സെപ്റ്റോ മികച്ച പ്രകടനം പുറത്തെടുക്കുന്നു. കണക്കുകള്‍ പ്രകാരം, സെപ്റ്റോയുടെ ഒരു സ്റ്റോറില്‍ നിന്ന് പ്രതിദിനം ശരാശരി 2,140 ഓര്‍ഡറുകള്‍ നടക്കുമ്പോള്‍, ഇന്‍സ്റ്റാമാര്‍ട്ടിൽ ഇത് 1,095 ഉം ബ്ലിങ്കിറ്റിൽ 1,357 ഉം മാത്രമാണ്.
വരുമാനത്തില്‍ മികച്ച കുതിപ്പ് നടത്താനായെങ്കിലും നഷ്ടം കമ്പനിക്ക് വലിയ വെല്ലുവിളിയാണ്. മാര്‍ച്ച് പാദത്തില്‍ സെപ്റ്റോയുടെ പ്രവര്‍ത്തന വരുമാനം 75 ശതമാനം വര്‍ദ്ധിച്ച് 7,498 കോടി രൂപയായി. എന്നാല്‍, ഇതേ കാലയളവില്‍ 1,248 കോടി രൂപയുടെ ക്രമീകരിച്ച എബിറ്റ്ഡാ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനുമായി വന്‍തോതില്‍ പണം ചെലവഴിക്കുന്നതാണ് നഷ്ടം വര്‍ദ്ധിക്കാന്‍ കാരണം. കന്നി ഐപിഒയ്ക്ക് ഒരുങ്ങുന്ന സെപ്റ്റോയ്ക്ക്, വിപണിയിലെ ഈ വന്‍ ബിസിനസ്സ് വ്യാപ്തിയെ എങ്ങനെ ലാഭകരമാക്കി മാറ്റാം എന്നത് വരും ദിവസങ്ങളിലെ ഏറ്റവും വലിയ പരീക്ഷണമായിരിക്കും.