തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിൽ റീച്ച് കൂട്ടുന്നതിനായി മാധ്യമപ്രവർത്തകരെന്ന വ്യാജേന വ്ളോഗർമാർ നടത്തുന്ന അശോഭനമായ ഇടപെടലുകൾ അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. നടൻ സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകളിൽ ഇവർ നടത്തിയ പ്രവൃത്തികൾ പരിഷ്കൃത സമൂഹത്തിന് തന്നെ അപമാനകരമാണ്. വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന ശൈലിയിൽ പ്രവർത്തിക്കുന്ന ഇത്തരം പ്രവണതകൾ അംഗീകരിക്കാനാവില്ല. മാനവികതയെ പോലും വെല്ലുവിളിക്കുന്ന ഇത്തരക്കാരുടെ അഭ്യാസങ്ങൾ മാന്യമായി തൊഴിലെടുക്കുന്ന മാധ്യമപ്രവർത്തകരുടെ തലയിൽ കെട്ടിവെക്കുന്നത് ഖേദകരമാണെന്ന് യൂണിയൻ വിലയിരുത്തുന്നു.
മനുഷ്യന്റെ ദുഃഖവും മരണവും പ്രതിസന്ധികളും അപകടങ്ങളും ചിലർക്ക് സാമൂഹിക മാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്ന പ്രവണത വർധിക്കുകയാണ്. അനാവശ്യ ഇടപെടലുകളും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടുള്ള വെല്ലുവിളിയാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന് ഓരോരുത്തരും ഓർക്കണം. അതിനാൽ, സാഹചര്യം ഉൾക്കൊണ്ട് മാന്യമായും മറ്റുള്ളവരുടെ സ്വകാര്യതയെ മാനിച്ചും പ്രവർത്തിക്കാൻ എല്ലാവരും തയാറാകണം. മത്സരാധിഷ്ഠിതമായ ഈ ലോകത്ത് സ്വന്തം പ്രവൃത്തികൾ മര്യാദയുടെ സീമ ലംഘിക്കുന്നുണ്ടോയെന്ന ആത്മപരിശോധന മാധ്യമ സമൂഹവും നടത്തേണ്ടതുണ്ട്.
ഈ വിഷയത്തിൽ കേരള പോലീസ് സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണ്. ഒരാളുടെ അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്നു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന പോലീസ് മുന്നറിയിപ്പ് ഏറെ പ്രസക്തമാണ്. ഇത്തരം പ്രവണതകളെ തടയുന്നതിനായി ഭരണ-രാഷ്ട്രീയ നേതൃത്വങ്ങളും ജാഗ്രത പാലിക്കണമെന്ന് യൂണിയൻ പ്രസിഡന്റ് കെ പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വ്ളോഗർമാരെ വഴിവിട്ട് പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളിൽ നിന്ന് അധികൃതർ വിട്ടുനിൽക്കുന്നത് ഇത്തരക്കാർക്കെതിരായ കർശന സന്ദേശമായി മാറുമെന്നും അവർ വ്യക്തമാക്കി.