കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയുടെ അടുത്ത അനുയായി ജഹാംഗീർ ഖാൻ അറസ്റ്റിലായി. ദിവസങ്ങളോളം ഒളിവിലായിരുന്ന ഇയാളെ നേപ്പാൾ അതിർത്തിയിൽ വെച്ച് പ്രത്യേക ദൗത്യസേനയാണ് (എസ്ടിഎഫ്) പിടികൂടിയത്. വധശ്രമം, ഭീഷണിപ്പെടുത്തൽ, തീവെപ്പ് തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ ഉൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെ നിലനിൽക്കുന്നുണ്ട്. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഫാൽട്ട പോലീസ് സ്റ്റേഷനിൽ ജഹാംഗീർ ഖാനെതിരെ ഏഴ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഫാൽട്ട മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു ജഹാംഗീർ ഖാൻ. എന്നാൽ, വോട്ടെടുപ്പ് വേളയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മണ്ഡലത്തിൽ റീപോളിംഗ് പ്രഖ്യാപിച്ചിരുന്നു. ഇതിനു തൊട്ടുമുമ്പായി താൻ മത്സരരംഗത്തുനിന്ന് പിന്മാറുകയാണെന്ന് ഇദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
നേരത്തെ, അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികളിൽ നിന്ന് സംരക്ഷണം തേടി ജഹാംഗീർ ഖാൻ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി അനുവദിച്ചിരുന്ന ഈ ഇടക്കാല ഉത്തരവ് ദിവസങ്ങൾക്ക് മുൻപ് റദ്ദാക്കിയിരുന്നു. ഹൈക്കോടതിയുടെ നടപടിക്ക് പിന്നാലെ ഒളിവിൽ പോയ ഇയാളെ നീണ്ട തിരച്ചിലിനൊടുവിലാണ് പോലീസ് സംഘം പിടികൂടിയത്.