ഗുരുവായൂർ: സെൻസസ് 2027-ന്റെ ഭാഗമായി പൊതുജനങ്ങൾക്ക് കുടുംബവിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള ‘സെൽഫ് എനുമറേഷൻ’ സൗകര്യം ജൂൺ 16 മുതൽ ജൂൺ 30 വരെ ലഭ്യമാകും. മൊബൈൽ ഫോൺ ഉപയോഗിച്ച് വളരെ ലളിതമായി ഈ പ്രക്രിയ പൂർത്തിയാക്കാം. രണ്ട് ഘട്ടങ്ങളിലായുള്ള സെൻസസ് നടപടികളിൽ, ഒന്നാം ഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസുമാണ് നടക്കുക. ഇതിനുശേഷം രണ്ടാം ഘട്ടത്തിലായിരിക്കും ജനസംഖ്യാ കണക്കെടുപ്പ് പൂർത്തിയാക്കുക.
സംസ്ഥാനത്ത് 2026 ജൂലൈ 1 മുതൽ ജൂലൈ 30 വരെയാണ് ഒന്നാംഘട്ട സെൻസസ് നടപടികൾ നിശ്ചയിച്ചിരിക്കുന്നത്. ഈ ഘട്ടത്തിൽ എനുമറേറ്റർമാർ ഓരോ ‘വീടുപട്ടിക ബ്ലോക്കിലെയും’ കെട്ടിടങ്ങളും പ്രധാന ലാൻഡ്മാർക്കുകളും ഉൾപ്പെടുത്തി ലേഔട്ട് മാപ്പ് തയ്യാറാക്കും. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചായിരിക്കും വിവരശേഖരണം. ഗുരുവായൂർ നഗരസഭ ഉൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകൾ അടിസ്ഥാനമാക്കിയാണ് വീടുപട്ടിക ബ്ലോക്കുകൾ ക്രമീകരിച്ചിരിക്കുന്നത്. ഏകദേശം 700 മുതൽ 800 വരെ ജനസംഖ്യയുള്ള പ്രദേശങ്ങളാണ് ഒരു ബ്ലോക്കിൽ ഉൾപ്പെടുക. എനുമറേറ്റർമാർ എത്തുന്നതിന് മുൻപ് തന്നെ കുടുംബനാഥന്മാർക്ക് ഓൺലൈൻ പോർട്ടൽ വഴി വിവരങ്ങൾ സമർപ്പിക്കാൻ അവസരമുണ്ട്.
സെൽഫ് എനുമറേഷനായി https://se.census.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കണം. കുടുംബനാഥന്റെ പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ നൽകി ഒടിപി (OTP) വഴി സ്ഥിരീകരിക്കാം. തുടർന്ന് ജില്ലയുടെ പേരും വീടുള്ള സ്ഥലവും നൽകി, മാപ്പിൽ കൃത്യമായ ലൊക്കേഷൻ ‘റെഡ് മാർക്കർ’ ഉപയോഗിച്ച് സേവ് ചെയ്യണം. വിവരങ്ങൾ സമർപ്പിച്ചു കഴിഞ്ഞാൽ ലഭിക്കുന്ന 11 അക്കങ്ങളുള്ള എസ്.ഇ. ഐഡി, എനുമറേറ്റർ വീടുകളിൽ എത്തുമ്പോൾ അവർക്ക് കൈമാറേണ്ടതാണ്. കെട്ടിട നമ്പർ, സെൻസസ് ഹൗസ് നമ്പർ തുടങ്ങിയ ചില വിവരങ്ങൾ എനുമറേറ്റർമാർ നേരിട്ടെത്തിയാണ് രേഖപ്പെടുത്തുക. ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകൾ ഉണ്ടെങ്കിൽ എനുമറേറ്ററുടെ സന്ദർശന വേളയിൽ അത് പൂർത്തിയാക്കാവുന്നതാണ്. സെൻസസ് സംബന്ധമായ 34 ചോദ്യങ്ങളാണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.