ലക്നൗ: ഉത്തർപ്രദേശിൽ ക്രിമിനലുകൾക്കെതിരായ നടപടികൾ കർശനമാക്കി പോലീസ്. കുപ്രസിദ്ധ ഗുണ്ട ഭാനു സിംഗിനെ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വധിച്ചു. സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് (എസ്ടിഎഫ്) ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം പുറത്തുവിട്ടത്.
ഞായറാഴ്ച രാത്രിയാണ് ഏറ്റുമുട്ടൽ നടന്നത്. അയോദ്ധ്യയിൽ ഭാനു സിംഗിനെ പിടികൂടാൻ എത്തിയ എസ്ടിഎഫ് സംഘത്തിന് നേർക്ക് ഇയാൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് ഇയാൾക്ക് പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയുടെ കൂട്ടാളികൾക്കായുള്ള തെരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഗോരഖ്പൂർ ജില്ലയിലെ ബെൽഘട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ ഭാനു സിംഗ് കൊലപാതകം, കവർച്ച, പിടിച്ചുപറി, ക്വട്ടേഷൻ ആക്രമണം തുടങ്ങി നാല്പതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 1.65 ലക്ഷം രൂപ പാരിതോഷികം നേരത്തെ പോലീസ് പ്രഖ്യാപിച്ചിരുന്നു. മേഖലയിലെ പോലീസിന് ഏറെ നാളായി തലവേദനയായി മാറിയ ക്രിമിനലായിരുന്നു ഇയാൾ.